കൈറോ: ഇൗജിപ്തിൽ നൂറുകണക്കിനു പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു മറുപടിയായി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു. അവരുടെ വാഹനങ്ങളും തകർത്തിട്ടുണ്ട്. ഉത്തര സിനായിയോടു ചേർന്ന ഭീകരതാവളങ്ങളിൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി സൈനിക വക്താവ് തമർ രിഫായ് അറിയിച്ചു.
ഭീകരരുടെ വാഹനങ്ങളും ഒളിത്താവളങ്ങളും തകർത്തു. ആയുധശേഖരങ്ങളെയും ലക്ഷ്യമിട്ടിരുന്നുവെന്നും രിഫായ് കൂട്ടിച്ചേർത്തു. അതിനിടെ, ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 305 ആയി ഉയർന്നു. ആധുനിക ഈജിപ്തിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് വെള്ളിയാഴ്ചയുണ്ടായത്. വടക്കൻ സിനായിൽ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തിലും വെടിെവപ്പിലും നാൽപതോളം ഭീകരർ ഉണ്ടെന്നാണ് കരുതുന്നത്. ഇവർക്കായി തിരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്.
അതേസമയം, ആക്രമണത്തിെൻറ ഉത്തരവാദിത്തം ഒരു സംഘവും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസി ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ഒാർമക്കായി സ്മാരകം നിർമിക്കാനും സീസി ഉത്തരവിട്ടു. സംഭവത്തെത്തുടർന്ന് കൈറോ രാജ്യാന്തര വിമാനത്താവളത്തിലടക്കം രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കി.
അതിനിടെ, ആക്രമികൾ െഎ.എസ് പതാക കൈകളിലേന്തിയിരുന്നുവെന്ന് സിനായ് അധികൃതർ വെളിപ്പെടുത്തി. സൈനികരുടെ വേഷം ധരിച്ചാണ് ആക്രമികളിൽ ചിലർ പള്ളിയിലെത്തിയത്.പിന്നീട് പള്ളിയുടെ ജനാലയും വാതിലും അടച്ച് വെടിയുതിർക്കുകയായിരുന്നു.
ഭീകരാക്രമണത്തിൽ ഇന്ത്യയും യു.എസും ഇസ്രായേലും ഉൾപ്പെടെ അനുശോചനം അറിയിച്ചു. സംഭവത്തെ അപലപിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇത്തരം അക്രമങ്ങൾ ഭീകരമാണെന്നും അതേസമയം, ഭീരുത്വം നിറഞ്ഞതാണെന്നും ട്വീറ്റ് ചെയ്തു. ഭീകരവാദത്തെ െവച്ചുപൊറുപ്പിക്കാനാകില്ലെന്നും സൈനിക നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2013ൽ ജനാധിപത്യപരമായി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബ്രദർഹുഡ് നേതാവ് മുഹമ്മദ് മുർസിയെ പുറത്താക്കിയശേഷം രാജ്യത്ത് സർക്കാർവിരുദ്ധ പ്രകടനങ്ങൾ നിത്യസംഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.