ബെയ്ജിങ്: സിൻജ്യങ് മേഖലയിലെ അഞ്ചുലക്ഷം ഉയ്ഗൂർ മുസ്ലിം കുട്ടികളെ ചൈന ബോർഡിങ് സ്കൂളുകളിലേക്ക് മാറ്റി. ഉയ്ഗൂർ മുസ്ലിംകളെ പാർപ്പിക്കാൻ തടങ്കൽപാളയങ്ങൾ തുടങ്ങിയതിനു പിറകെയാണ് ഇവരുടെ മക്കളെ ബോർഡിങ് സ്കൂളുകളിലേക്ക് ചൈനീസ് ഭരണകൂടം മാറ്റിയത്.
ചൈനീസ് സർക്കാറിെൻറ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ഇതുവരെ ഏകദേശം അഞ്ചുലക്ഷം കുട്ടികളെ ബോർഡിങ് സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. സിൻജ്യങ് പ്രവിശ്യയിലെ 800ൽപരം പട്ടണങ്ങളിൽ അടുത്തവർഷാവസാനത്തോടെ ഇത്തരം ഒന്നോ രണ്ടോ സ്കൂളുകൾ തുടങ്ങാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പദ്ധതിയിട്ടിരിക്കുന്നത്. പട്ടിണിമൂലം ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായാണ് സ്കൂളുകൾ ആരംഭിച്ചതെന്നാണ് ചൈനീസ് അധികൃതരുടെ ഭാഷ്യം. എന്നാൽ, കുട്ടികളിൽ കുടുംബത്തിെൻറ സ്വാധീനമില്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കമെന്ന 2017ൽ പ്രസിദ്ധീകരിച്ച ആസൂത്രണ രേഖയിൽ പറയുന്നു.
പുറമെനിന്നുള്ള സന്ദർശകരെ വിലക്കി കർശന നിയന്ത്രണത്തോടെയാണ് കുട്ടികൾക്കുള്ള ബോർഡിങ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. സിൻജ്യങ്ങിൽനിന്ന് വർഗീയത ഇല്ലാതാക്കുകയെന്ന പ്രസിഡൻറ് ഷീ ജിൻപിങ്ങിെൻറ നയത്തിെൻറ ഭാഗമായാണ് സ്കൂളുകൾ സ്ഥാപിച്ചതെന്നും ഔദ്യോഗിക രേഖകൾ പറയുന്നു. നന്നേ ചെറുപ്പത്തിൽതന്നെ കുട്ടികളെ കുടുംബത്തിൽനിന്ന് അടർത്തിമാറ്റി ബോർഡിങ് സ്കൂളിൽ ചേർക്കുന്നതോടെ ഉയ്ഗൂറിലെ പുതുതലമുറ കമ്യൂണിസ്റ്റ് പാർട്ടിയോടും ചൈനയോടും കൂറുള്ളവരാകുമെന്ന ചിന്തയാണ് ഇതിന് പിന്നിൽ.വീട്ടിലെ മതപരമായ അന്തരീക്ഷത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ ഒന്നോ രണ്ടോ ആഴ്ചയിലൊരിക്കൽ മാത്രം അവരെ വീട്ടിലയച്ചാൽ മതിയെന്ന് 2017ലെ നയരേഖ പറയുന്നു. തദ്ദേശീയ സമൂഹങ്ങളിൽെപട്ട കുട്ടികളെ കുടുംബാന്തരീക്ഷത്തിൽനിന്ന് മാറ്റാൻ കാനഡ, യു.എസ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ മുമ്പ് സ്വീകരിച്ച നയം പിന്തുടരാനും രേഖ ആവശ്യപ്പെടുന്നു.
തുർക്കിയിൽ അഭയാർഥിയായി കഴിയുന്ന ഉയ്ഗൂർ മുസ്ലിമായ അബ്ദുറഹ്മാൻ തുഹ്തിയുടെ അനുഭവം ഇത് വ്യക്തമാക്കുന്നു. തുഹ്തിയുടെ ഭാര്യയും രണ്ടു മക്കളും ചൈനയിലാണ്. രണ്ടു വർഷം മുമ്പ് ചൈന സന്ദർശിക്കാൻ പോയ അവർ അപ്രത്യക്ഷരാകുകയായിരുന്നു. പിന്നീട് ഭാര്യയെ ജയിലിലടച്ചതായി അറിഞ്ഞു. ഇയാളുടെ മാതാപിതാക്കളും ജയിലിലാണ്. രണ്ടു മക്കൾക്കും എന്തുസംഭവിച്ചെന്നറിയാതെ വിഷമിക്കുകയായിരുന്നു. ഈ വർഷം ജനുവരിയിൽ തെൻറ നാലു വയസ്സുകാരനായ കുഞ്ഞിെൻറ വിഡിയോ ചൈനീസ് സമൂഹ മാധ്യമത്തിൽ അദ്ദേഹം കണ്ടു. അധ്യാപകരാരോ പകർത്തിയ ആ വിഡിയോയിൽ, തങ്ങളുടെ കുടുംബം ഇതുവരെ സംസാരിക്കാത്ത ചൈനീസ് ഭാഷ കുഞ്ഞ് സംസാരിക്കുന്നതാണ് അദ്ദേഹം കണ്ടത്. ഉയ്ഗൂർ സംസ്കാരത്തേയും തെൻറ മാതാപിതാക്കളെയും വെറുക്കണമെന്നാണ് തെൻറ കുഞ്ഞിനെ ചൈനീസ് സർക്കാർ പഠിപ്പിക്കുന്നത്. ഇത് വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.