വാഷിങ്ടൺ: കോവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈന പുറത്ത്വിട്ട കണക്കുകൾ മുഴുവൻ വ്യാജമാണോ?!. ഇൗ ചോദ്യവുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. ചൈനയുടെ കണക്കുകൾ വിശ്വസിക്കാനാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതെന്ന് യു.എന്നിലെ മുൻ അമേരിക്കൻ അംബാസിഡർ നിക്കി ഹാലിയും ചൂണ്ടിക്കാട്ടുന്നു.
കോവിഡിന്റെ കാര്യത്തിൽ ബീജിങ് നൽകുന്ന കണക്കുകൾ മുഖവിലക്ക് എടുക്കേണ്ടതില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി. ഐ.എ പ്രസിഡൻറിന് ഉപദേശം നൽകിയിരുന്നു. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ചൈന പുറത്തുവിട്ടതെന്ന് പ്രസിഡൻറ് ട്രംപ് മാധ്യമങ്ങളോട് പറയുകയും ചെയ്തു. ചൈനയിലെ രോഗവ്യാപനത്തിന്റെ വ്യാപ്തി അറിയാൻ സി.ഐ.എ ശ്രമങ്ങൾ ആരംഭിച്ചിട്ടൂണ്ടെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്.
വൈറസിനെ നേരിടാൻ മറ്റ് രാജ്യങ്ങളെ കൂടി സഹായിക്കുന്നതാണ് അത് സംബന്ധിച്ച ശരിക്കുള്ള കണക്കുകൾ. വൈറസിന്റെ വ്യാപനശേഷിയും മരണനിരക്കുമൊക്കെ തിരിച്ചറിയാൻ കണക്കുകൾ സഹായിക്കും. എന്നാൽ, മറ്റു രാജ്യങ്ങളെ സഹായിക്കുന്നതിനേക്കാൾ സ്വന്തം കീർത്തി നിലനിർത്താനാണ് ചൈന പ്രാധാന്യം കൊടുക്കുന്നതെന്ന് നിക്കി ഹാലി ആരോപിക്കുന്നു.
കോവിഡ് 19 വൈറസ് സംബന്ധിച്ച് ഇപ്പോഴും ഏറെ കാര്യങ്ങൾ അജ്ഞാതമാണ്. ചൈനയിലെ രോഗവ്യാപന അനുഭവം വൈറസിനെ സംബന്ധിച്ച ധാരണകൾ രൂപപ്പെടുത്താനും രോഗപ്രതിരോധ സംവിധാനം ആസൂത്രണം ചെയ്യാനും സഹായിക്കുന്നതാണ്. ചൈന വിവരങ്ങൾ മറച്ചുവെക്കുന്നുണ്ടെങ്കിൽ അത് ആഗോള പൊതുജനാരോഗ്യ സംരക്ഷണത്തിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക.
ചൈനയുടെ നാഷനൽ ഹെൽത്ത് കമീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 81589 പേർക്കാണ് അവിടെ കോവിഡ് ബാധിച്ചത്. 3318 പേരാണ് ഇതുവരെ മരിച്ചത്. ചൈനയുടെ ഇൗ കണക്കുകൾ യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രീൻ മാധ്യമങ്ങളോട് പറഞ്ഞത്. ചൈനയിലെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന വിവരങ്ങൾ ഒൗദ്യോഗിക കണക്കിനെ നിഷേധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ പത്തിലൊന്ന് കണക്ക് പോലും ചൈന പുറത്ത് വിട്ടിട്ടില്ലെന്ന് വുഹാൻ സ്വദേശികളെ ഉദ്ധരിച്ച് ബ്രിട്ടിഷ് മാധ്യമം ഡെയ്ലി മെയിൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വുഹാനിൽമാത്രം കുറഞ്ഞത് 42,000 പേർ മരിച്ചെന്ന് മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന കേന്ദ്രങ്ങളിലെ കണക്കുകൾ സഹിതം പ്രദേശവാസികൾ പറയുന്നതായാണ് ആ റിപ്പോർട്ട്.
ചൈന പറയുന്നത് നുണകളാണെങ്കിൽ, ആ വിവരങ്ങൾ മറ്റു രാജ്യങ്ങളുടെ മുഴുവൻ രോഗ പ്രതിരോധ ആസൂത്രണത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.