ബലൂച് നേതാവിനെ തിരിച്ചയക്കാന്‍ ഇന്‍റര്‍പോളിനോട് ആവശ്യപ്പെടും –പാകിസ്താന്‍

ഇസ്ലാമാബാദ്: ബലൂച് നേതാവ് ബ്രഹംദഗ് ബുഗ്തിയെ പാകിസ്താനിലേക്ക് തിരിച്ചത്തെിക്കുന്നതിന് ഇന്‍റര്‍പോളിനോട് ആവശ്യപ്പെടുമെന്ന് പാക് ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന്‍ അറിയിച്ചു. ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ ഇന്‍റര്‍പോളിനോട് കത്തിലൂടെ ആവശ്യമുന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉറി ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ആരോപണം തെളിവുകളില്ലാതെയാണെന്നും നിസാര്‍ അലി ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് ബ്രഹംദഗ് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍െറ പശ്ചാത്തലത്തിലാണ് പാകിസ്താന്‍െറ നടപടി.
ഇപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിലാണ് ബലൂച് നേതാവ് കഴിയുന്നത്.

ബലൂച് റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവായ ബ്രഹംദഗ് ജനീവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ച് രാഷ്ട്രീയാഭയം തേടുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നു. ബ്രഹംദഗിന്‍െറ രാഷ്ട്രീയാഭയം സംബന്ധിച്ച് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത്. 2006ല്‍ കൊല്ലപ്പെട്ട ബലൂച് ദേശീയവാദി നേതാവ് നവാബ് അക്ബര്‍ ബുഗ്തിയുടെ പേരക്കുട്ടിയാണ് ബ്രഹംദഗ് ബുഗ്തി.

സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂച് പ്രശ്നം പരാമര്‍ശിച്ചതിനു ശേഷം പാകിസ്താനെതിരെ ബ്രഹംദഗ് അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ബലൂചിസ്താനില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന വാദം ഐക്യരാഷ്ട്രസഭയിലും പാകിസ്താന് തലവേദന സൃഷ്ടിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.