സിറിയ: വെടിനിര്‍ത്തലിന് വെല്ലുവിളിയായി ആക്രമണങ്ങള്‍ തുടരുന്നു

ഡമസ്കസ്: താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് സിറിയയുടെ പല ഭാഗങ്ങളിലും ആക്രമണങ്ങള്‍ തുടരുന്നു.
വെള്ളിയാഴ്ച ഇദ്ലിബില്‍ നടന്ന വ്യോമാക്രമണത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. സമാധാനലംഘനം തുടരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന സമ്മേളനം യു.എന്‍ രക്ഷാകൗണ്‍സില്‍ റദ്ദാക്കി. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ഒടുവിലത്തെ അവസരമാണിതെന്ന് ചൂണ്ടിക്കാണിച്ച യു.എന്‍ സിറിയയിലെ സംഭവവികാസങ്ങള്‍ ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും മുന്നറിയിപ്പു നല്‍കി.
അലപ്പോ പോലുള്ള മേഖലകളിലേക്ക് യു.എന്‍ സഹായം എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് റഷ്യ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം നിരവധി തവണ ഉയര്‍ത്തിക്കാട്ടിയിട്ടും റഷ്യയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാവാത്തതില്‍ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിനെ പ്രതിഷേധം അറിയിച്ചു. സിറിയയിലേക്കുള്ള യു.എന്നിന്‍െറ സഹായം സര്‍ക്കാര്‍ തടഞ്ഞുവെക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് യു.എസിന്‍െറയും റഷ്യയുടെയും മധ്യസ്ഥതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. അതിനിടെ, ഏഴുദിവസത്തെ സമാധാന കരാര്‍ എത്രത്തോളം ഫലപ്രദമാവുമെന്ന് തെളിയുന്നതുവരെയും സിറിയയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതുവരെയും റഷ്യയുമായി മറ്റൊരു ധാരണക്കുമില്ളെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വ്യക്തമാക്കി.

രാജ്യത്തെ സംഘര്‍ഷം ലഘൂകരിക്കുന്നതിനു പകരം മാനുഷിക സഹായവുമായത്തെുന്ന ട്രക്കുകള്‍ തടയുകയാണ് സിറിയന്‍ സര്‍ക്കാരെന്നും ഒബാമ കുറ്റപ്പെടുത്തി. എന്നാല്‍, സിറിയന്‍ സൈന്യം വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ അറിയിച്ചു. കരാറിനെ വിമതര്‍ പുനര്‍വിഭജനത്തിനുള്ള ആയുധമാക്കി മാറ്റുകയാണ്. യു.എസിന്‍െറ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനോടാണ് അവരുടെ പോരാട്ടം. ഇത് അപകടകരമായ വഴിയാണെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.