സിറിയ ശാന്തം; വെടിനിര്‍ത്തല്‍ രണ്ടാംദിവസത്തിലേക്ക്

ഡമസ്കസ്: വെടിയൊച്ചകള്‍ നിലച്ച് സിറിയ വീണ്ടും സമാധാനത്തിന്‍െറ പ്രഭാതത്തെ വരവേറ്റു. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി ജനീവയില്‍ റഷ്യയും യു.എസും യു.എന്‍ പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തൂരയുടെ മാധ്യസ്ഥ്യത്തില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചക്കൊടുവിലാണ്  തിങ്കളാഴ്ച മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായത്.
ആദ്യ ദിവസം അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഐ.എസ്, നുസ്റ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സായുധസംഘങ്ങള്‍ക്കെതിരായ പോരാട്ടം വെടിനിര്‍ത്തലിന്‍െറ ഭാഗമല്ല. വെടിനിര്‍ത്തലിനെ സിറിയന്‍ സര്‍ക്കാറും ഇറാനും ഹിസ്ബുല്ലയും പിന്തുണച്ചിരുന്നു.

എന്നാല്‍, വിമതപക്ഷത്തിന് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. ഏതു നേരവും അക്രമമുണ്ടാകുമെന്ന ജാഗ്രതയോടെയാണവര്‍ കഴിയുന്നത്.
യു.എസും റഷ്യയുമുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാനാവില്ളെന്ന്  സ്വതന്ത്ര സിറിയന്‍ സേനയും ജയ്ശുല്‍ ഇസ്ലാമും  ഉള്‍പ്പെടെയുള്ള 12 ലേറെ വിമതസംഘങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കരാറിന്‍െറ ഉറപ്പിനെ ചോദ്യംചെയ്ത അവര്‍  അത് ബശ്ശാര്‍ സര്‍ക്കാറിനു അനുകൂലമാണെന്ന ആശങ്കയും പങ്കുവെച്ചു.

എന്നാല്‍, രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള അവസാന മാര്‍ഗമാണിതെന്നും ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഉടമ്പടി അംഗീകരിക്കണമെന്നും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി ആവശ്യപ്പെട്ടു. വിമതമേഖലയായ അലപ്പോയിലും ദേരയിലെ ചില മേഖലകളിലും സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആളപായമുള്ളതായി വിവരം ലഭിച്ചിട്ടില്ല.

അതിനിടെ, വ്യോമാതിര്‍ത്ത ി കടന്നത്തെിയ ഇസ്രായേല്‍ വിമാനം വെടിവെച്ചിട്ടതായി സിറിയന്‍ സേന അവകാശപ്പെട്ടു. എന്നാല്‍, ഇക്കാര്യം തള്ളിയ ഇസ്രായേല്‍ സൈന്യം സിറിയയില്‍നിന്നുള്ള രണ്ടു മിസൈലുകള്‍ വിമാനത്തില്‍ അബദ്ധത്തില്‍ പതിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.