അതിര്‍ത്തി കടക്കാന്‍ കൈക്കൂലി; റഫയിലും ഫലസ്തീനികളോട് ക്രൂരത

ഗസ്സ സിറ്റി: ഒമ്പതു വര്‍ഷമായി ഇസ്രായേല്‍ ഉപരോധത്തില്‍ കഴിയുന്ന ഗസ്സ വാസികള്‍ക്ക് പുറംലോകത്തേക്കുള്ള ഏക വാതിലായ റഫ അതിര്‍ത്തിയിലും ക്രൂരത. ഈജിപ്തിലേക്ക് തുറക്കുന്ന ഈ കവാടത്തില്‍ നിരാലംബരായ ഫലസ്തീനികളെ കൊള്ളയടിക്കുകയാണ് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍. വന്‍ തുക കൈക്കൂലി വാങ്ങുന്നതായ റിപ്പോര്‍ട്ട് അല്‍ജസീറയാണ് വെളിച്ചത്തുകൊണ്ടുവന്നത്.

റഫ അതിര്‍ത്തി കടക്കണമെങ്കില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 3000 ഡോളറാണ് ഈടാക്കുന്നതെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ടു ഫലസ്തീന്‍ ഏജന്‍റുമാര്‍ പറയുന്നു. ഇതിന്‍െറ 20 ശതമാനം തങ്ങള്‍ എടുത്ത് ബാക്കി 80 ശതമാനം ഈജിപ്ഷ്യന്‍ സൈനികര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ കൈമാറുമെന്നും അവര്‍ പറയുന്നു. പലപ്പോഴും ഫലസ്തീനികളുടെ പേരുകള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ ഈ പകല്‍കൊള്ള നടത്തുന്നതെന്നും ഏജന്‍റുമാര്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ പട്ടികയില്‍ ഉള്‍പെട്ടവരില്‍നിന്ന് പതിനായിരം ഡോളര്‍വരെ ഈടാക്കും.

ചിലപ്പോള്‍ പണത്തിനു പകരം സാധനങ്ങളുടെ രൂപത്തിലും കൈക്കൂലി വാങ്ങുന്നു. ഐ ഫോണ്‍ മുതല്‍ സ്വര്‍ണം വരെ ഇതില്‍പെടും.  അതിര്‍ത്തി കടക്കാന്‍ സഹായമഭ്യര്‍ഥിച്ച് വരുന്ന വിളികള്‍മൂലം തന്‍െറ ഫോണിന് ഒരിക്കല്‍പോലും വിശ്രമമില്ളെന്ന് ഏജന്‍റ് പറയുന്നു. 2008 മുതല്‍ മൂന്നു തവണ ഇസ്രായേല്‍ നടത്തിയ വന്‍ സൈനിക നടപടിയോടെയാണ് ഗസ്സ മുനമ്പില്‍നിന്നും റഫ വഴിയുള്ള ജനപ്രവാഹം വര്‍ധിച്ചത്.അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കപ്പെട്ട ഗസ്സ 2020തോടെ വിജനമായ ഭൂമിയായി മാറുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു.

2013ലെ സൈനിക അട്ടിമറിക്കു ശേഷം ഈജിപ്തില്‍ അധികാരത്തിലേറിയ അബ്ദുല്‍ ഫതഹ് അല്‍സീസി റഫ കവാടത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആണ് കൊണ്ടുവന്നത്. മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി അധികാരത്തിലിരുന്ന ചുരുങ്ങിയ കാലയളവില്‍  40,816 പേരാണ് ഓരോ മാസവും റഫയിലൂടെ ഈജിപ്തിലേക്ക് കടന്നത്. എന്നാല്‍, ഇപ്പോഴത് 1,869 ആയി ചുരുങ്ങി. വൈദ്യ ചികില്‍സ അടക്കമുള്ള അടിയന്തര ആവശ്യങ്ങള്‍ക്കാണ് ആളുകള്‍ ഈജിപ്തിലേക്ക് പോകുന്നത്. 2007 മുതല്‍ ഈജിപ്തും ഇസ്രായേലും  സംയുക്തമായാണ് ഉപരോധം തുടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.