മലേഷ്യന്‍ വിമാനദുരന്തം റഷ്യയില്‍നിന്ന് നഷ്ടപരിഹാരം തേടി ബന്ധുക്കള്‍

ക്വാലാലംപൂര്‍: എം.എച്ച്-17 മലേഷ്യന്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേരുടെ ബന്ധുക്കള്‍ നഷ്ടപരിഹാരം തേടി കോടതിയില്‍.  റഷ്യയില്‍നിന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലാണ് ഇവര്‍  ഹരജി നല്‍കിയത്. കൊല്ലപ്പെട്ട അഞ്ചു ആസ്ട്രേലിയക്കാരുടെ കുടുംബങ്ങളാണു ഹരജി നല്‍കിയത്.
2014 ജൂലൈ 17ന് യുക്രെയ്ന്‍ അതിര്‍ത്തിയില്‍വെച്ചുണ്ടായ മിസൈലാക്രമണത്തിലാണ് എം.എച്ച്-17 തകര്‍ന്നു വീണത്. കൊല്ലപ്പെട്ട 298 പേരില്‍ 28 പേര്‍ ആസ്ട്രേലിയക്കാരാണ്. ആംസ്റ്റര്‍ഡാമില്‍നിന്ന് ക്വാലാലംപൂരിലേക്ക് പോകുന്നതിനിടെയാണു വിമാനം വെടിവെച്ചിട്ടത്.
ആക്രമണത്തില്‍ റഷ്യന്‍ പങ്ക് സ്ഥിരീകരിച്ചുകൊണ്ട് ഡച്ച് സേഫ്റ്റി ബോഡിന്‍െറ നേതൃത്വത്തില്‍ അന്താരാഷ്ട്ര എജന്‍സികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആക്രമണത്തിനു ഉപയോഗിച്ചത് റഷ്യന്‍ നിര്‍മിത ബി.യു.കെ മിസൈലാണെന്നായിരുന്നു പ്രധാന കണ്ടത്തെല്‍. സംഭവത്തില്‍ യുക്രെയ്നെയായിരുന്നു അന്താരാഷ്ട്ര സമൂഹം ആദ്യം കുറ്റപ്പെടുത്തിയിരുന്നത്.
നഷ്ടപരിഹാരമാവശ്യപ്പെട്ട് മേയ് ഒമ്പതാം തീയതിയാണു കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മനുഷ്യാവകാശ കോടതിയില്‍ ഹരജി നല്‍കിയത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുട്ടിന്‍െറ പേര് പരാമര്‍ശിക്കുന്ന ഹരജിയില്‍ കൊല്ലപ്പെട്ട ഓരോ യാത്രക്കാരനും 10 കോടി ഡോളര്‍ വീതം നഷ്ടപരിഹാരം ആവശ്യപ്പെടുന്നു. ആസ്ട്രേലിയന്‍ നിയമവിദഗ്ധ സംഘമാണു ഹരജി തയാറാക്കിയത്. ഡച്ച് സേഫ്റ്റി ബോര്‍ഡിന്‍െറ അന്വേഷണ റിപ്പോര്‍ട്ടില്‍ മിസൈലാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്നത് സംബന്ധിച്ച് പരാമര്‍ശങ്ങളുണ്ടായിരുന്നില്ല. റിപ്പോര്‍ട്ട് ഏതെങ്കിലും സര്‍ക്കാറിനെയോ സംഘടനയെയോ കുറ്റപ്പെടുത്തിയിരുന്നില്ല.കൊല്ലപ്പെട്ട സിഡ്നി സ്വദേശിയായ അമ്മ ഗബ്രിയേലക്കു വേണ്ടി മകന്‍ ടിം ലോഷെറ്റ്, ന്യൂസിലന്‍ഡുകാരന്‍ റോബര്‍ട്ട് അയ്ലെയ്ക്കു വേണ്ടി വിധവ, ശാസ്ത്രജ്ഞയായ മകള്‍ ഫാത്തിമ ഡിസൈന്‍സ്കിയ്ക്കു വേണ്ടി പെര്‍ത്ത് സ്വദേശികളായ മാതാപിതാക്കള്‍ എന്നിവര്‍ ഹരജിക്കാരില്‍ ഉള്‍പ്പെടുന്നു.
1988ലെ ലോക്കര്‍ബി ദുരന്തത്തിലെ ഇരകള്‍ക്ക്  നഷ്ടപരിഹാരം നേടിക്കൊടുത്ത യു.എസ് വ്യോമയാന അഭിഭാഷകന്‍ ജെറി സ്കിന്നറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണു ഹരജിക്കാര്‍ക്കു വേണ്ടി വാദിക്കുക. 3500 പേജുകളടങ്ങിയ ഹരജിയില്‍ റഷ്യയെ നിശിതമായി കുറ്റപ്പെടുത്തുന്നുണ്ട്. ആക്രമണത്തിലെ  പങ്ക് പുറത്തുവരാതിരിക്കാന്‍ റഷ്യ നിരന്തര ഇടപെടല്‍ നടത്തിയെന്നും ഡച്ച് സേഫ്റ്റി ബോഡിന്‍െറ അന്വേഷണ വെബ്സൈറ്റ് ഹാക് ചെയ്തെന്നും ആരോപിക്കുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.