വെസ്റ്റ് ബാങ്ക് കുടിയേറ്റത്തിന് ഇസ്രായേലിന്‍െറ അധിക ഫണ്ട്

തെല്‍അവീവ്: വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ ഭവനങ്ങളുടെ നിര്‍മാണത്തിനായി ഇസ്രായേല്‍ ഭരണകൂടം 1.8 കോടി ഡോളര്‍കൂടി അനുവദിച്ചു. കുടിയേറ്റ ഭവനങ്ങളില്‍ നിലനില്‍ക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍കൂടി കണക്കിലെടുത്താണ് ഇത്രയും തുക അനുവദിക്കുന്നതെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു വ്യക്തമാക്കി. നേരത്തേ കുടിയേറ്റ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ 8.8 കോടി ഡോളര്‍ അനുവദിച്ചിരുന്നു. അതിനുപുറമെയാണ് ഈ തുകകൂടി നല്‍കാന്‍ തീരുമാനമായത്.
അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ കുടിയേറ്റ പ്രവര്‍ത്തനം നടത്തുന്നതുതന്നെ അന്താരാഷ്ട്ര നിയമത്തിന്‍െറ ലംഘനമാണ്. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നപരിഹാരത്തിനായി പലരും മുന്നോട്ടുവെക്കുന്ന ഫോര്‍മുലകളിലൊന്നും കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയെന്നതാണ്. നേരത്തേ യു.എസും യൂറോപ്യന്‍ യൂനിയനും അനധികൃത കുടിയേറ്റ ഭവനങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഇസ്രായേല്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.
അന്താരാഷ്ട്ര സമൂഹത്തിന്‍െറ മുഖത്തേറ്റ അടിയാണിതെന്നാണ് സംഭവത്തെക്കുറിച്ച് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സഈബ് ഇറകാത്ത് പ്രതികരിച്ചത്. മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള സകല സാധ്യതകളെയും ഇസ്രായേല്‍ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.