ടിയാനന്‍മെന്‍ വാര്‍ഷികം ചൈനീസ് മാധ്യമങ്ങള്‍ അവഗണിച്ചു

തായ്പെയ്: ജനാധിപത്യത്തെ പേടിക്കേണ്ടെന്ന് ടിയാനന്‍മെന്‍ ചത്വരത്തിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍െറ 27ാം വാര്‍ഷികവേളയില്‍ ചൈനക്ക് തായ്വാന്‍ പ്രസിഡന്‍റിന്‍െറ ഉപദേശം. തായ്വാനിലത്തെുന്ന ചൈനീസ് പൗരന്മാരും ഹോങ്കോങ്, മകാഒ തുടങ്ങിയ ചൈനീസ് പ്രവിശ്യയിലെ ആളുകളും തായ്വാനിലെ ജനാധിപത്യ പ്രക്രിയ അതീവ താല്‍പര്യത്തോടെയാണ് നോക്കിക്കാണുന്നതെന്നും പ്രസിഡന്‍റ് സായ് ഇങ്വെന്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് നിരവധി പേര്‍ക്ക് കുടുംബവും നാടും നഷ്ടമായി. ജനാധിപത്യത്തിന്‍െറ പാതയില്‍ തായ്വാനും ഇത്തരം വേദനകള്‍ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 27 വര്‍ഷം മുമ്പത്തെ സംഭവത്തിന്‍െറ ദൃശ്യങ്ങള്‍ കാണുമ്പോള്‍ തായ്വാനിലെ ജനങ്ങള്‍ക്ക് അവരോട് അനുഭാവം പുലര്‍ത്താനാവുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയിലുണ്ടാക്കിയ ഭൗതികമുന്നേറ്റങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍, ജനങ്ങളുടെ അവകാശങ്ങള്‍ അംഗീകരിച്ചിരുന്നെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ആദരവ് പിടിച്ചുപറ്റാനായേനെയെന്നും സായ് ഇങ്വെന്‍ പറഞ്ഞു.  
1989 ജൂണ്‍ നാലിനാണ് ജനാധിപത്യ അവകാശങ്ങള്‍ക്കായി തടിച്ചുകൂടിയ വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്കുനേരെ ചൈനീസ് സൈന്യം നടത്തിയ വെടിവെപ്പില്‍ ആയിരക്കണക്കിന് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരണപ്പെട്ടവരുടെ കണക്കുകള്‍ ചൈന ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വാര്‍ഷികദിനത്തില്‍ കനത്ത സുരക്ഷയാണ് ബെയ്ജിങ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ചെക്പോയന്‍റുകളില്‍ സുരക്ഷാപരിശോധനക്കായി കാത്തുനില്‍ക്കുന്നവരുടെ നീണ്ടനിര കാണാമായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭം നടന്ന ചത്വരത്തില്‍ പ്രക്ഷോഭത്തിന്‍െറ സ്മരണയുയര്‍ത്തുന്ന യാതൊരു അടയാളവും പ്രത്യക്ഷമായിരുന്നില്ല. മാധ്യമങ്ങളും ജനകീയ വിപ്ളവാനന്തര ചൈനയുടെ ചരിത്രത്തിലെ നിര്‍ണായക സംഭവം മറന്നമട്ടായിരുന്നു. എന്നാല്‍, ‘1989ലെ സംഭവങ്ങളെ’ല്ലാം പിറകിലാക്കി ചൈന ഏറെ മുന്നോട്ടുപോയതായി പ്രമുഖ പത്രമായ ഗ്ളോബല്‍ ടൈംസിന്‍െറ ഇംഗ്ളീഷ് പതിപ്പ് എഴുതി. എന്നാല്‍, ചൈനയുടെ കീഴിലെ ഹോങ്കോങ്ങില്‍ പ്രക്ഷോഭ സ്മരണ പരിപാടികള്‍ വിപുലമായി ആചരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.