ലോകത്തിന്‍െറ പകുതി ആസ്തി 62 പേരുടെ കൈകളില്‍

ലണ്ടന്‍: ഇല്ലാത്തവനും ഉള്ളവനും തമ്മിലെ അകലം പിന്നെയും കുത്തനെ കൂടുകയാണെന്നതിന് സംസാരിക്കുന്ന തെളിവായി ഓക്സ്ഫാം റിപ്പോര്‍ട്ട്. 62 ശതകോടീശ്വരന്മാര്‍ 700 കോടി വരുന്ന ആഗോള ജനസംഖ്യയുടെ പകുതി പേര്‍ക്കുള്ളതിനെക്കാള്‍ സ്വത്ത് കൈയടക്കിവെച്ചതായി ഡാവോസില്‍ അതിസമ്പന്ന രാജ്യങ്ങളുടെ ഉച്ചകോടി ആരംഭിക്കുംമുമ്പ്  പ്രമുഖ സന്നദ്ധ സംഘടന പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 62ല്‍ ഒമ്പതു പേര്‍ വനിതകളാണ്.
ജനസംഖ്യയില്‍ ദരിദ്രരായ 50 ശതമാനം (360 കോടി) പേരുടെ ആസ്തി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 41 ശതമാനം ഇടിവു രേഖപ്പെടുത്തിയപ്പോള്‍ അതിസമ്പന്നരായ 62 പേരുടെ ആസ്തിയില്‍ 50,000 കോടി ഡോളറിന്‍െറ വര്‍ധന ഉണ്ടായി. ഇവരുടെ മൊത്തം ആസ്തി 1,76,000 കോടി ഡോളറാണ്. സമ്പന്നര്‍ക്കും ദരിദ്രര്‍ക്കുമിടയിലെ അന്തരത്തില്‍ കഴിഞ്ഞ 12 മാസത്തിനിടെയുണ്ടായ വര്‍ധന ഞെട്ടിപ്പിക്കുന്നതാണെന്നും നിലവില്‍ ജനസംഖ്യയിലെ ഒരു ശതമാനം പേരുടെ വശം മൊത്തം ആസ്തിയുടെ 99 ശതമാനമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2010നും 2015നുമിടയില്‍ ജനസംഖ്യയില്‍ 40 കോടിയുടെ വര്‍ധനയുണ്ടായിട്ടും പാവപ്പെട്ടവന്‍ കൂടുതല്‍ ദരിദ്രനാകുന്നത് അപകടകരമായ സൂചനയാണ് നല്‍കുന്നതെന്ന് സംഘടനാ മേധാവി മാര്‍ക് ഗോള്‍ഡ്റിങ് പറഞ്ഞു.
അതിസമ്പന്നര്‍ നടത്തുന്ന നികുതി വെട്ടിപ്പ്, പൊതുസേവന മേഖലയിലെ ഉയര്‍ന്ന നിക്ഷേപം, തൊഴില്‍ മേഖലയിലെ കുറഞ്ഞ വേതനം എന്നിവയാണ് അന്തരം വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളെന്ന് ഓക്സ്ഫാം നിരീക്ഷിക്കുന്നു. ലോകമറിയാതെ വന്‍തോതില്‍ നിക്ഷേപം നടത്താവുന്ന രഹസ്യകേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയമാകുന്നത് ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനുള്ള തുക കണ്ടത്തെുന്നത് നഷ്ടപ്പെടുത്തുകയാണ്. അതിസമ്പന്നര്‍ ഇത്തരം രഹസ്യകേന്ദ്രങ്ങളില്‍ നടത്തിയ നിക്ഷേപം 7,60,000 കോടി ഡോളറിലേറെയാണ്. ഇവയുടെ നികുതി മാത്രം 19000 കോടി ഡോളര്‍ വരും.
ആഫ്രിക്കന്‍ രാജ്യങ്ങളുടെ ആസ്തിയുടെ 30 ശതമാനവും വിദേശങ്ങളിലാണ്. ഇവയില്‍നിന്ന് 1400 കോടി ഡോളര്‍ നികുതി ലഭിച്ചിരുന്നുവെങ്കില്‍ പ്രതിവര്‍ഷം 40 ലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസവും പ്രാഥമിക ആരോഗ്യപരിരക്ഷയും നല്‍കാമായിരുന്നു. ഡാവോസിലെ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പങ്കെടുക്കുന്ന 10ല്‍ ഒമ്പതു കോര്‍പറേറ്റുകള്‍ക്കും രഹസ്യകേന്ദ്രങ്ങളില്‍ നിക്ഷേപമുണ്ട്. 2010നും 2014നുമിടയില്‍ രഹസ്യനിക്ഷേപങ്ങള്‍ നാലിരട്ടി വര്‍ധിച്ചിട്ടുണ്ടെന്നും ഓക്സ്ഫാം പറയുന്നു.
അവികസിത രാജ്യങ്ങള്‍ക്ക് ഇവര്‍ 10,000 കോടി ഡോളര്‍ കടപ്പെട്ടിരിക്കുന്നു. ബ്രിട്ടനിലെ 100 അതിസമ്പന്നരുടെ ആസ്തിയില്‍ നാലു വര്‍ഷത്തിനിടെ 8140 കോടി ഡോളറിന്‍െറ വര്‍ധന ഉണ്ടായിട്ടുണ്ട്.
ലോകത്തെ അതിദരിദ്രരുടെ എണ്ണത്തില്‍ കുറവ് വന്നതായും ഇവരുടെ ആസ്തിയില്‍ 10 ശതമാനം വര്‍ധനയുണ്ടായതായും ഓക്സ്ഫാം വ്യക്തമാക്കുന്നു. കമ്പനികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം വന്‍തോതില്‍ വര്‍ധിപ്പിക്കുമ്പോഴും താഴത്തെട്ടിലുള്ളവരുടെ വേതനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.