ഇറാനെതിരായ ഉപരോധം പിന്‍വലിച്ചു

തെഹ്റാന്‍: പതിറ്റാണ്ടോളം വന്‍ശക്തി രാഷ്ട്രങ്ങള്‍ അടച്ചിട്ട ഇറാന്‍െറ വാതിലുകള്‍ മലര്‍ക്കെ തുറന്നുകൊണ്ട് അന്താരാഷ്ട്ര ഉപരോധം പിന്‍വലിച്ചു. ഇനി ലോക വിപണിയില്‍ ഇറാന്‍െറ സാന്നിധ്യവും സജീവം. ലോക വന്‍ശക്തി രാജ്യങ്ങളുമായി ഉണ്ടാക്കിയ ആണവ കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിച്ചെന്ന അന്താരാഷ്ട്ര ആണവോര്‍ജ  സംഘടനയുടെ (ഐ.എ.ഇ.എ) റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഉപരോധം നീക്കിയത്. ആണവപരിപാടികള്‍ ഘട്ടം ഘട്ടമായി കുറക്കാമെന്ന കരാറിലെ നിര്‍ദേശത്തോട് ഇറാന്‍ നീതിപുലര്‍ത്തിയതിന്‍െറ അടിസ്ഥാനത്തില്‍ ഉപരോധം പിന്‍വലിച്ചെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ലോകത്തെ അറിയിക്കുകയായിരുന്നു.
അതേസമയം, ഉപരോധം പിന്‍വലിച്ചതിനു പിന്നാലെ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ ഉപരോധവുമായി അമേരിക്ക രംഗത്തത്തെി. ഇറാന്‍െറ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി മേഖലയിലും ആഗോളതലത്തിലും ഭീഷണിയാണെന്നും പദ്ധതിക്ക് അന്താരാഷ്ട്ര ഉപരോധം തുടരുമെന്നും യു.എസ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി ആഡം ജെ. സുബിന്‍ പറഞ്ഞു. അഞ്ച് ഇറാന്‍കാരെയും യു.എ.ഇയിലെയും ചൈനയിലെയും കമ്പനികളെയുമാണ് അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയത്. ബാലിസ്റ്റിക് മിസെല്‍ ഘടകങ്ങള്‍ ഇറാന് സ്വന്തമാക്കാന്‍ അഞ്ചു പേര്‍ സഹായിച്ചെന്നാണ് ആരോപണം.
കഴിഞ്ഞ ജൂലൈ 14നാണ് അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ വന്‍കിട രാജ്യങ്ങളുമായി ഇറാന്‍ ആണവ കരാറിലേര്‍പ്പെട്ടത്. ആണവായുധങ്ങള്‍ വികസിപ്പിക്കാനാവശ്യമായ യുറേനിയം സമ്പുഷ്ടീകരണ സെന്‍ട്രിഫ്യൂജുകളുടെ എണ്ണത്തില്‍ കുറവുവരുത്തണമെന്നും അറാഖിലെ ഘനജല റിയാക്ടറിന്‍െറ പ്രവര്‍ത്തനം നിര്‍ത്തണമെന്നും കരാറില്‍ വ്യവസ്ഥചെയ്തിരുന്നു. ഐ.എ.ഇ.എ ഉദ്യോഗസ്ഥര്‍ ഇറാനില്‍ നടത്തിയ പരിശോധനക്കൊടുവിലാണ് ഉപരോധം പിന്‍വലിച്ചത്. കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിച്ചതായി  ഐ.എ.ഇ.എ വ്യക്തമാക്കിയിരുന്നു.
ചരിത്രദിനമെന്നാണ് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഇതേക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. ഉപരോധം നീങ്ങുന്നതുവരെ ക്ഷമയോടെ കാത്തിരുന്ന ഇറാനിയന്‍ ജനതയെ നന്ദിയോടെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ലോകവും അമേരിക്കയും പശ്ചിമേഷ്യയിലെ തങ്ങളുടെ സുഹൃദ്രാജ്യങ്ങളും ഇതോടെ ആണവഭീഷണിയകന്ന് സുരക്ഷിതമായിരിക്കുകയാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു.
ഉപരോധം പിന്‍വലിക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാന്‍ ഇറാന് അവസരമൊരുങ്ങുകയാണ്. 10,000 കോടി മുതല്‍ 10,500 കോടി ഡോളറിന്‍െറ വരെ വ്യാപാരാവസരമാണ് ഇറാന് ഇതിലൂടെ ലഭിക്കുക. ഇറാന്‍ കറന്‍സിയുടെ മൂല്യവും വര്‍ധിക്കും. ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഇറാനുമായുള്ള വ്യാപാരത്തിന് കൂടുതല്‍ അവസരമൊരുങ്ങുക. അതേസമയം, ഉപരോധത്തിന്‍െറ രണ്ടാം ഘട്ടം മാത്രമാണ് ഇപ്പോള്‍ ഇളവുചെയ്തത്. ഒന്നാം ഘട്ടമായ വിദേശ രാജ്യങ്ങളിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യാപാരം നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരും. ഉപരോധം പിന്‍വലിക്കുന്നതോടെ ഇറാന്‍-പാകിസ്താന്‍-ഇന്ത്യ പൈപ്പ്ലൈന്‍ ഗ്യാസ് പദ്ധതിയുടെ സാധ്യതയും തുറക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍, അമേരിക്കയും ഇറാനുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാകാന്‍ ഇനിയും കാലങ്ങള്‍ പിടിക്കുമെന്ന് വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കുന്നു. ഭീകരവാദത്തോടും മിസൈല്‍ പരീക്ഷണങ്ങളോടുമുള്ള ഇറാന്‍െറ നിലപാടില്‍ ഇനിയും മാറ്റങ്ങള്‍ വന്നിട്ടില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1979ലെ ഇറാന്‍ വിപ്ളവത്തെ തുടര്‍ന്നാണ് ഇറാനെതിരെ ആദ്യമായി ഉപരോധം ഏര്‍പ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.