വാഷിങ്ടൺ: യു.എസ് ദിനപത്രമായ വാഷിങ്ടൺ പോസ്റ്റിലെ പബ്ലീഷറും സി.ഇ.ഒയുമായ വിൽ ലൂയിസ് രാജിവെച്ചു. പത്രത്തിലെ കൂട്ടപിരിച്ചുവിടലിന് പിന്നാലെ ശനിയാഴ്ചയാണ് അദ്ദേഹം രാജിസമർപ്പിച്ചത്. തന്റെ കാലയളവിൽ ബുദ്ധിമുട്ടേറിയ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിരുന്നു. വാഷിങ്ടൺ പോസ്റ്റിന്റെ സുസ്ഥിരമായ ഒരു ഭാവിക്ക് വേണ്ടിയായിരുന്നു അത്തരം തീരുമാനങ്ങൾ എടുത്തത്. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള പക്ഷപാതരഹിതമായ വാർത്തകൾ നൽകാൻ വാഷിങ്ടൺ പോസ്റ്റിന് കഴിയട്ടെയെന്നും അദ്ദേഹം ജീവനക്കാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
വൈറ്റ് ഹൗസ് ബ്യുറോ ചീഫ് മാറ്റ് വൈസറാണ് അദ്ദേഹത്തിന്റെ കത്ത് പങ്കുവെച്ചത്. മുൻ ഡൗ ജോൺസ് സി.ഇ.ഒയും വാൾ സ്ട്രീറ്റ് ജേണലിന്റെ പബ്ലിഷറുമായ ലൂയിസ് 2023ലാണ് വാഷിങ്ടൺ പോസ്റ്റ് സി.ഇ.ഒയാവുന്നത്. ഫ്രെഡ് റയാനിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. ജെഫ്.ഡി.ഓനോഫ്രിയോയായിരിക്കും വാഷിങ്ടൺ പോസ്റ്റിന്റെ പുതിയ സി.ഇ.ഒ. കഴിഞ്ഞ ജൂണിലാണ് അദ്ദേഹം വാഷിങ്ടൺ പോസ്റ്റിലെത്തിയത്. ഗൂഗ്ൾ, യാഹു പോലുള്ള കമ്പനികളിലായിരുന്നു അദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്നത്.
വിൽ ലൂയിസിന്റെ രാജി ഒഴിവാക്കാൻ കഴിയാത്തതായിരുന്നുവെന്ന് വാഷിങ്ടൺ പോസ്റ്റിലെ തൊഴിലാളി സംഘടനയായ വാഷിങ്ടൺ ഗിൽഡ് അഭിപ്രായപ്പെട്ടു. മഹത്തായ ഒരു അമേരിക്കൻ പത്രത്തെ തകർക്കാൻ ശ്രമിച്ചയാൾ എന്ന പേരിലാവും വിൽ അറിയപ്പെടുക. പത്രത്തെ സംരക്ഷിക്കാനായി പിരിച്ചുവിട്ട മുഴുവൻ ജീവനക്കാരേയും ബെസോസ് എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്നും അല്ലെങ്കിൽ ഭാവിയിൽ നിക്ഷേപം നടത്താൻ കഴിവുള്ള ഒരാൾക്ക് പത്രം കൈമാറണമെന്നും വാഷിങ്ടൺ പോസ്റ്റ് ഗിൽഡ് ആവശ്യപ്പെട്ടു.
നേരത്തെ കമ്പനിയിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ആളുകളെ പിരിച്ചുവിട്ടിരുന്നു. 30ശതമാനത്തോളം ജീവനക്കാരെയാണ് ഒഴിവാക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. മുന്നൂറോളം മാധ്യമപ്രവര്‍ത്തകരും മറ്റ് സെക്ഷന്‍ ജീവനക്കാരും പിരിച്ചുവിട്ടവരില്‍പ്പെടുന്നുണ്ട്. പത്രത്തിന്റെ കായിക വിഭാഗം പൂർണമായും ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.