കലാപം ഒരു ജനതയെ കൊല്ലുന്നതിങ്ങനെ

നാല്‍പതിനായിരത്തിലേറെ ജനങ്ങളുണ്ട് സിറിയയിലെ മദായ നഗരത്തില്‍. പട്ടിണിമരണംകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഈ നഗരം. പ്രാണികളും പുഴുക്കളും ഇലകളും ഭക്ഷിച്ചാണ് മദായ നിവാസികള്‍ വിശപ്പടക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നു. പട്ടിണി കിടന്ന് എല്ലുംതോലുമായ നിസ്സഹായ മനുഷ്യരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ശരീരത്തില്‍ ഒരുതുണ്ട് മാംസമില്ലാതെ എല്ലുംതോലുമായ, കണ്ണുകള്‍ കുഴിഞ്ഞ നിലയിലുള്ള ആ ചിത്രങ്ങള്‍ മന$സാക്ഷിയുള്ളവരില്‍ ഒരുമാത്ര നടുക്കമുണ്ടാക്കും. ആക്രമണങ്ങള്‍ ഒരു ജനതയെ ഇല്ലാതാക്കുന്നതെങ്ങനെയെന്നതിന്‍െറ നേര്‍ചിത്രങ്ങളാണവ. അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്ന ആഭ്യന്തരയുദ്ധം സിറിയന്‍ നഗരങ്ങളെ അത്രയേറെ നിലംപരിശാക്കിയിരിക്കുന്നു.
വടക്കന്‍ ഡമസ്കസില്‍നിന്ന് ഏതാണ്ട് 40 കിലോമീറ്റര്‍ അകലെയാണ് മദായ എന്ന മലനിരകളാല്‍ ചുറ്റപ്പെട്ട ചെറുനഗരം. വിമത സംഘങ്ങളുടെ താവളമാണിവിടം. കഴിഞ്ഞ ജൂലൈ മുതല്‍ സര്‍ക്കാര്‍ സൈന്യം ഉപരോധിച്ചതോടെ ജനങ്ങള്‍ പട്ടിണി കിടന്ന് വലയുകയാണ്. അതിനു വിലകൊടുക്കേണ്ടിവരുന്നത് പാവപ്പെട്ട ജനതയാണ്. ഈ നഗരത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകള്‍ ലോകത്തോട് വിശദീകരിക്കുന്നു. പട്ടിണി കിടന്ന് പേക്കോലമായ മനുഷ്യരുടെ ചിത്രങ്ങളും അവര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെക്കുന്നു. എന്നാല്‍, ലോകം നിശ്ശബ്ദത തുടരുകയാണ്.
 ഹിസ്ബുല്ല സംഘത്തിന്‍െറ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം നഗരം വളഞ്ഞതോടെ അവശ്യസാധനങ്ങളുള്‍പ്പെടെയുള്ളവക്ക് ക്ഷാമം നേരിട്ടു. വിമതര്‍ക്കെതിരെ സര്‍ക്കാര്‍ സൈന്യം നിരന്തരം ബോംബാക്രമണം തുടങ്ങി. ദാരിദ്ര്യത്തിനു പിന്നാലെ ബോംബുകളും ഉറക്കംകെടുത്തിയതോടെ ജനങ്ങള്‍ ഒന്നൊന്നായി വീടുവിട്ടിറങ്ങി. പകുതിയിലേറെ പേരും  കുടിയൊഴിഞ്ഞു. അവശേഷിക്കുന്നവര്‍ ഒരുനേരം വിശപ്പടക്കാന്‍ പരക്കംപായുന്നു. നഗരത്തിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ സൈന്യം റദ്ദാക്കി. 300ലേറെ കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവു മൂലവും രോഗങ്ങള്‍ കൊണ്ടും ദുരിതമനുഭവിക്കുന്നു. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ സംഭരിച്ചുവെച്ചിരുന്നവയുടെ വില ഗണ്യമായി വര്‍ധിച്ചു. അരിയും പഞ്ചസാരയും തീവില കൊടുത്തു വാങ്ങാനാകാതെ ജനം പട്ടിണിയില്‍ത്തന്നെ കഴിയേണ്ടിവന്നു. അടുത്തകാലത്ത് പട്ടിണി കിടന്ന് മരിച്ചത് 17 പേരാണ്.
കൃഷി നിലച്ചപ്പോള്‍ വിളകള്‍ കുറഞ്ഞു. അവസാന ധാന്യമണിയും കഴിഞ്ഞതോടെ അവര്‍ പുല്ലും ചെടികളും വേവിച്ചുതിന്നാന്‍ തുടങ്ങി. വിശപ്പു ശമിക്കില്ളെന്നായപ്പോള്‍ എലികളെയും പൂച്ചകളെയും ചുട്ടുതിന്നാന്‍ തുടങ്ങി. പോഷകാഹാരക്കുറവു മൂലം 50ലേറെ പേര്‍ മരിച്ചെന്നാണ് കണക്ക്. കൊടുംശൈത്യം കൂടിയായപ്പോള്‍ അവരുടെ ദുരിതമിരട്ടിച്ചു. കരുണയുള്ളവരുടെ ശ്രദ്ധക്ക് മദായ നിവാസികളില്‍ ചിലര്‍ ദുരിതം ലോകത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഫേസ്ബുക് അക്കൗണ്ട് തുടങ്ങി. ഹിസ്ബുല്ലയും ബശ്ശാര്‍ അല്‍അസദുമാണ് മദായയെ പട്ടിണി നഗരമാക്കിയതെന്ന് പോസ്റ്റുകളില്‍ പറയുന്നു. യു.എന്‍ പ്രതിനിധി സംഘങ്ങള്‍ സിറിയയിലുണ്ട്. എന്നാല്‍, ബശ്ശാര്‍ സൈന്യം അവരെ ഈ നഗരത്തിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. സിറിയയെ ബോംബിട്ടു കൊല്ലുന്ന റഷ്യന്‍ എംബസിയിലും യു.എന്‍ ഓഫിസുകള്‍ക്കു മുന്നിലും മദായ നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധമുയരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.