സിറിയയിലെ ദരായയില്‍നിന്ന് വിമതരെയും സിവിലിയന്മാരെയും ഒഴിപ്പിച്ചു

ഡമസ്കസ്: സിറിയന്‍ തലസ്ഥാനമായ ഡമസ്കസിലെ ഉപരോധഗ്രാമമായ ദരായയില്‍നിന്ന് നൂറുകണക്കിന് വിമത പോരാളികളെയും ആയിരക്കണക്കിന് സിവിലിയന്മാരെയും ഒഴിപ്പിച്ചു തുടങ്ങി. ഉപരോധം അവസാനിപ്പിക്കാന്‍ വിമതരും സൈന്യവും ധാരണയിലത്തെിയതിനെ തുടര്‍ന്നാണിത്. സിവിലിയന്മാരെയും വിമതരെയും വഹിച്ചുള്ള ആദ്യ ബസ് ദരായ വിട്ടു. ആംബുലന്‍സുകളും റെഡ്ക്രസന്‍റ് വാഹനങ്ങളും ബസിന് അകമ്പടിയായുണ്ട്. 8000 സിവിലിയന്മാരെയും 800 വിമതരെയുമാണ് ഒഴിപ്പിക്കുന്നത്. ദരായയില്‍നിന്ന് ഇദ്ലിബ് ലക്ഷ്യം വെച്ചാണ് ആയുധങ്ങളുമായി  വിമതര്‍ നീങ്ങിയതെന്ന് സനാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിവിലിയന്മാരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യാമ്പുകളിലേക്ക് മാറ്റും. ചില യുദ്ധസാമഗ്രികള്‍ വിമതര്‍  സൈന്യത്തിന് അടിയറവെച്ചതായും റിപ്പോര്‍ട്ടുണ്ട്.

നാലു വര്‍ഷമായി സൈന്യത്തിന്‍െറ ഉപരോധത്തില്‍ കഴിഞ്ഞവരാണ് സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങിയത്. ‘എന്തു പറയണമെന്ന് അറിയില്ല. ഏറെ അപ്രതീക്ഷിതമാണിത്. നാലു വര്‍ഷമായി ഉപരോധത്തില്‍ കഴിയുകയായിരുന്നു ഞങ്ങള്‍. മരണം വരെ അതു തുടരുമെന്നാണ ്കരുതിയിരുന്നത്. ഞങ്ങളുടെ തലക്കു മുകളില്‍നിന്നാണ് നഗരം തരിപ്പണമായത്. അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ക്കടിയില്‍പെട്ട് ഒരടി മുന്നോട്ടുവെക്കാന്‍ പോലും കഴിയുന്നില്ല.’ -ദരായയില്‍നിന്ന് പുറത്തിറങ്ങിയ ഹമാം അല്‍ സുര്‍ക്കി പറയുന്നു.
ഭക്ഷണവും വെള്ളവുമില്ലാതെ കഴിയുന്ന ദരായവാസികളുടെ അരക്ഷിതാവസ്ഥ പുറത്തുവന്നിരുന്നു. നാലുവര്‍ഷമായി ഉപരോധത്തില്‍ വലഞ്ഞ ദരായവാസികളെ പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നു സര്‍ക്കാര്‍.  

ഈ വര്‍ഷം ജൂണില്‍ ഉപരോധഗ്രാമത്തിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഒരു കപ്പല്‍ മാത്രമാണ് ഇവിടെയത്തെിയത്. നാലു വര്‍ഷത്തിനിടെ ആദ്യമായിരുന്നു ഇവിടേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിയത്.
ബോംബുകള്‍ക്കു നടുവില്‍ ജീവന്‍ നിലനിര്‍ത്താനുള്ള അവശ്യസാധനങ്ങള്‍പോലും ലഭിക്കാതെയായിരുന്നു തദ്ദേശവാസികള്‍  കഴിഞ്ഞിരുന്നത്. 2012ല്‍  ദരായയില്‍ നൂറുകണക്കിന് സിവിലിയന്മാരെ ദാരുണമായി  കൊലപ്പെടുത്തിയിരുന്നു. സംഭവത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കാതെ സൈന്യവും വിമതരും പരസ്പരം പഴിചാരുകയായിരുന്നു. ഏതാനും ആഴ്ചകളായി സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു മേഖലയില്‍. ആക്രമണത്തില്‍ ദരായയിലെ ഏക ആശുപത്രിയും തകര്‍ന്നടിഞ്ഞു. ബുധനാഴ്ചയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായത്.  

കെറിയും ലാവ്റോവും ജനീവയില്‍

ജനീവ: സിറിയയില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും ജനീവയില്‍ കൂടിക്കാഴ്ചയില്‍. ഇരുവരുടെയും കൂടിക്കാഴ്ച സുപ്രധാനമാണെന്ന് യു.എന്‍ പ്രത്യേകദൂതന്‍ സ്റ്റെഫാന്‍ ഡി മിസ്തൂര കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ആഭ്യന്തരയുദ്ധം തകര്‍ത്ത സിറിയയില്‍ തുര്‍ക്കിയുടെ ഇടപെടലാണ് കൂടിക്കാഴ്ചക്കു നയിച്ചത്. കഴിഞ്ഞദിവസം തുര്‍ക്കി പിന്തുണയുള്ള വിമത പോരാളികള്‍ ഐ.എസില്‍നിന്ന് സിറിയന്‍ അതിര്‍ത്തിനഗരമായ ജരാബ്ലസ് പിടിച്ചെടുത്തിരുന്നു.

ഐ.എസിനെതിരെയും കുര്‍ദ് വിമതര്‍ക്കുമെതിരെയുമാണ് സിറിയയില്‍ തുര്‍ക്കിയുടെ യുദ്ധപ്രഖ്യാപനം.  ലക്ഷക്കണക്കിനു പേരുടെ ജീവന്‍ അപഹരിച്ച ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി അന്താരാഷ്ട്രതലത്തിലുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. സിറിയയില്‍ റഷ്യയും യു.എസും ഇരു ചേരികളിലാണെങ്കിലും യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും സജീവമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.