അലപ്പോയില്‍ സിറിയന്‍ സൈന്യം ആശുപത്രി തകര്‍ത്തു; 34 മരണം

ഡമസ്കസ്: സിറിയയില്‍ ആഭ്യന്തയുദ്ധം അവസാനിപ്പിക്കാനായി ജനീവയില്‍ സമാധാന സമ്മേളനം പുരോഗമിക്കെ, അലപ്പോയിലെ ആശുപത്രിക്കു നേരെ സിറിയന്‍ സൈന്യത്തിന്‍െറ ആക്രമണം. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അലപ്പോയിലെ അല്‍ഖുദ്സ് ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായത്. സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് നടത്തുന്ന ആശുപത്രിയാണിത്.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ കാറ്റില്‍പറത്തി അലപ്പോയില്‍ ഏതാനും ദിവസങ്ങളായി സൈന്യം പോരാട്ടം രൂക്ഷമാക്കിയിരുന്നു. റഷ്യന്‍ പിന്തുണയോടെയാണ് സൈന്യത്തിന്‍െറ ആക്രമണം. സിവിലിയന്മാര്‍ക്കൊപ്പം ആശുപത്രി ജീവനക്കാരും രോഗികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിമതരുടെ ശക്തികേന്ദ്രമായ അലപ്പോയില്‍ സൈന്യത്തിന്‍െറ ഏറ്റവും പുതിയ ആക്രമണമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ ആക്രമണത്തില്‍ ചുരുങ്ങിയത് 100 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.  48 മണിക്കൂറിനുള്ളില്‍ സിറിയയില്‍ ഓരോ 25 മിനിറ്റിനകം ശരാശരി ഒരാള്‍ വീതം കൊല്ലപ്പെടുന്നുണ്ടെന്ന് യു.എന്‍ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തൂര ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച മാത്രം 35 പേര്‍ കൊല്ലപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ സമാധാനചര്‍ച്ചകള്‍ പ്രഹസനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനും റഷ്യയും യു.എസും ഇടപെടണമെന്നും മിസ്തൂര ആവശ്യപ്പെട്ടു. അലപ്പോയില്‍ മാത്രം ഒരാഴ്ചക്കിടെ 107 സിവിലിയന്മാര്‍ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. അതിനിടെ സൈന്യം ബോംബാക്രമണത്തില്‍നിന്ന് പിന്‍വാങ്ങിയില്ളെങ്കില്‍ സമാധാന ചര്‍ച്ച ബഹിഷ്കരിക്കുമെന്ന് വിമത പ്രതിനിധികള്‍ മുന്നറിയിപ്പു നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.