പാരിസ് ഭീകരാക്രമണം: പദ്ധതി സിറിയയില്‍; രണ്ടു തീവ്രവാദികളെകൂടി തിരിച്ചറിഞ്ഞു

പാരിസ്: ലോകത്തെ നടുക്കിയ പാരിസ് ഭീകരാക്രമണം പദ്ധതിയിട്ടത് സിറിയയിലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ്. പ്രതികള്‍ക്കായി അയല്‍ രാജ്യങ്ങളില്‍കൂടി പരിശോധന തുടരുകയാണെന്നും കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഐ.എസ് ആക്രമണ പട്ടികയിലുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികളെ തേടി ഫ്രാന്‍സിലും ബെല്‍ജിയത്തിലും രണ്ടു ദിവസങ്ങളിലായി നടന്ന 168 റെയ്ഡുകളില്‍ 23 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 104 പേരെ വീട്ടുതടങ്കലിലാക്കിയതായും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കാസനോവ പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബെല്‍ജിയത്തില്‍ കസ്റ്റഡിയിലെടുത്ത ഏഴു പേരില്‍ അഞ്ചാളുകളെ തെളിവില്ളെന്ന് കണ്ട് വിട്ടയച്ചു. കൊല്ലപ്പെട്ട ചാവേറിന്‍െറ സഹോദരന്‍ മുഹമ്മദ് അബ്ദുസ്സലാമും വിട്ടയക്കപ്പെട്ടവരില്‍പെടും. മറ്റു രണ്ടു പേരുടെ വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ളെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. ആക്രമണത്തിന്‍െറ സൂത്രധാരനെന്നു പ്രചരിപ്പിക്കപ്പെടുന്ന സലാഹ് അബ്ദുസ്സലാം ആണ് ആസൂത്രണം ചെയ്തെന്ന് സ്ഥിരീകരിക്കാനായിട്ടില്ളെന്നും വാര്‍ത്താകുറിപ്പ് വ്യക്തമാക്കി. ഇയാള്‍ ഒളിച്ചിരുന്നുവെന്ന് കരുതിയ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആരെയും കസ്റ്റഡിയിലെടുക്കാനായിട്ടില്ല.
പാരിസില്‍ ആദ്യമായി ആക്രമണം നടന്ന ബറ്റാക്ളന്‍ തിയറ്ററിനു മുന്‍വശത്ത് കണ്ട ഫോക്സ് വാഗണ്‍ കാര്‍ ഇയാള്‍ വാടകക്കെടുത്തതാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിലാണ് അക്രമികള്‍ എത്തിയതെന്നാണ് പൊലീസ് സംശയം. ആക്രമണത്തിനു ശേഷം ഇയാളും രണ്ടു കൂട്ടാളികളും ബെല്‍ജിയത്തിലേക്ക് മടങ്ങവെ കാര്‍ അതിര്‍ത്തിയില്‍ തടഞ്ഞിരുന്നുവെങ്കിലും പതിവു പരിശോധനക്കു ശേഷം വിട്ടയക്കുകയായിരുന്നു.
ഇബ്രാഹിം അബ്ദുസ്സലാം, ഉമര്‍ ഇസ്മാഈല്‍ മുസ്തഫ, ബിലാല്‍ ഹദ്ഫി, സമി അമിമൂര്‍, അഹ്മദ് അല്‍മുഹമ്മദ്, സലാഹ് അബ്ദുസ്സലാം, മുഹമ്മദ് അബ്ദുസ്സലാം എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇവരില്‍ സലാഹ് അബ്ദുസ്സലാം, മുഹമ്മദ് അബ്ദുസ്സലാം എന്നിവരെക്കുറിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സിറിയയില്‍ ആസൂത്രണം ചെയ്ത് ബെല്‍ജിയത്തിലെയും ഫ്രാന്‍സിലെയും ചിലരുടെ സഹായത്തോടെ നടപ്പാക്കുകയായിരുന്നുവെന്ന് കരുതുന്നത്.
ഇപ്പോള്‍ സിറിയയിലെന്നു സംശയിക്കുന്ന അബ്ദുല്‍ ഹമീദ് അബൂ ഒൗദ എന്ന ബെല്‍ജിയം സ്വദേശിക്ക് കാര്യമായ പങ്കുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ മുഖ്യ ആസൂത്രകനായും ചില അന്വേഷണ കേന്ദ്രങ്ങള്‍ സംശയിക്കുന്നുണ്ട്. അതിനിടെ, സ്റ്റേഡിയത്തിനരികെ പൊട്ടിത്തെറിച്ച ചാവേറിന്‍െറ കൈവശം കണ്ടത്തെിയ സിറിയന്‍ പാസ്പോര്‍ട്ട് വ്യാജമാണെന്ന സംശയമുയര്‍ന്നിട്ടുണ്ട്. പാസ്പോര്‍ട്ട് യഥാര്‍ഥമാണെന്ന് സ്ഥിരീകരിക്കാനായില്ളെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.

രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയെന്ന് തുര്‍ക്കി
അങ്കാറ: പാരിസ് ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദിയെക്കുറിച്ച് ഒരു വര്‍ഷം മുമ്പ് ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി തുര്‍ക്കി. ചാവേറായി ആക്രമണം നടത്തിയ ഇയാളെക്കുറിച്ച മുന്നറിയിപ്പ് ഫ്രാന്‍സ് അവഗണിച്ചെന്നും മുതിര്‍ന്ന തുര്‍ക്കി പൊലീസ് ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. ആക്രമണത്തില്‍ പങ്കെടുത്ത ഉമര്‍ ഇസ്മാഈല്‍ മുസ്തഫയെക്കുറിച്ച് 2014 ഡിസംബറിലും 2015 ജൂണിലുമാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍, ആക്രമണ ശേഷമാണ് ഇയാളുടെ വിവരങ്ങള്‍ തേടി ഫ്രഞ്ച് അധികൃതര്‍ തുര്‍ക്കിയെ സമീപിച്ചതെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ബറ്റാക്ളാന്‍ ഹാളില്‍ ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളില്‍ ഒരാള്‍ മുസ്തഫയാണെന്ന് വിരലടയാള വിദഗ്ധര്‍ കണ്ടത്തെിയിരുന്നു. പാരിസിലെ ദരിദ്രമായ പ്രദേശത്ത് ജനിച്ച ഇയാള്‍ക്കെതിരെ ഫ്രാന്‍സില്‍ 2004നും 2010നുമിടയില്‍ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഒരു കേസിലും ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടില്ല. മുസ്തഫക്കു പുറമെ മറ്റു പ്രതികളെക്കുറിച്ചും യൂറോപ്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി വിവരമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.