ചൈനീസ് യാത്രാവിമാനം യാത്രക്ക് സജ്ജം

ബെയ്ജിങ്: ബോയിങ്ങും എയര്‍ബസും മത്സരിക്കുന്ന യാത്രാവിമാന വിപണിയില്‍ അങ്കംകുറിച്ച് ചൈനയുടെ സി 919 വിമാനവും.
ചൈനീസ് സര്‍ക്കാറിന് കീഴിലുള്ള കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്‍ നിര്‍മിച്ച ഇരട്ട എന്‍ജിന്‍ വിമാനം ഇന്നലെ ഷാങ്ഹായിലെ പുഡോങ് രാജ്യാന്തര വിമാനത്താവളത്തോടുചേര്‍ന്ന ഹാംഗറിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അമേരിക്കയെയും യൂറോപ്പിനെയും ആശ്രയിക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ നീണ്ട ഏഴുവര്‍ഷമായി തുടരുന്ന ഗവേഷണ, വികസനപ്രവര്‍ത്തനങ്ങളുടെ വിജയകരമായ സാക്ഷാത്കാരമാണ് സി 919 വിമാനമെന്ന് ചൈനീസ് സിവില്‍ വ്യോമയാന മേധാവി ലി ജിയാക്സിയാങ് പറഞ്ഞു. പുതിയ വിമാനത്തിന് 21 ഇടപാടുകാരില്‍നിന്നായി 517 എണ്ണത്തിന് ഇതുവരെയായി ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നാണ് ചൈനയുടെ അവകാശവാദം.
2016ല്‍ പരീക്ഷണപറക്കല്‍ നടത്തുമെന്ന് കരുതുന്ന വിമാനം 5,555 കിലോമീറ്റര്‍വരെ പാതിവഴിയില്‍ ഇന്ധനം നിറക്കാതെ സഞ്ചരിക്കും. പതിവു സര്‍വിസ് പിന്നെയും വൈകി 2017ലേ ഉണ്ടാകൂ.
 ചൈനീസ് നിര്‍മിത വിമാനമായാണ് വിശേഷിക്കപ്പെടുന്നതെങ്കിലും എന്‍ജിന്‍ ഉള്‍പ്പെടെ നിര്‍ണായകഭാഗങ്ങളില്‍ വിദേശപങ്കാളിത്തമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.