ഡമസ്കസ്: സിറിയയില്‍ റഷ്യ ഐ.എസിനെതിരെ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 29 വരെ കാലയളവില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 200 സിവിലിയന്മാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സാധാരണക്കാര്‍ അധിവസിക്കുന്ന മേഖലകളില്‍ റഷ്യന്‍ സൈന്യം ബോംബ് വര്‍ഷിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ ചില ആക്രമണങ്ങള്‍ യുദ്ധക്കുറ്റത്തിനര്‍ഹമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഐ.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മാത്രമാണ് ആക്രമണം നടത്തിയത് എന്നായിരുന്നു റഷ്യയുടെ അവകാശവാദം. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം നടത്തിയ വ്യോമാക്രമണത്തെപ്പറ്റിയും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2014 സെപ്റ്റംബറില്‍ തുടങ്ങിയ യു.എസിന്‍െറ വ്യോമാക്രമണം പ്രധാനമായും ഐ.എസിനെ ലക്ഷ്യമാക്കിയായിരുന്നുവെന്നും അപൂര്‍വമായി മാത്രമേ ആക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുള്ളൂവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം, യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 100 കവിഞ്ഞതായി മറ്റുചില മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
ഹമാ, ഇദ്ലിബ്, ലതീക്കിയ, അലെപ്പൊ തുടങ്ങിയ പ്രദേശങ്ങളിലെ ഭവനങ്ങള്‍ ലക്ഷ്യമാക്കിയാണ് 25ലധികം റഷ്യന്‍ വ്യോമാക്രമണങ്ങളും നടത്തിയതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആക്രമണങ്ങളുടെ ദൃക്സാക്ഷികളെ ഫോണ്‍ വഴി ബന്ധപ്പെട്ടും വിഡിയോ തെളിവുകള്‍ ശേഖരിച്ചുമാണ് ആംനസ്റ്റി റിപ്പോര്‍ട്ട് തയാറാക്കിയത്. ജനസാന്ദ്രതയുള്ള മേഖലകളില്‍ നിയമവിരുദ്ധമായാണ് ബോംബ് വര്‍ഷിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിരവധി സിവിലിയന്മാരുടെ പരിക്കിന് കാരണമായ ആറു വ്യോമാക്രമണങ്ങളെ എടുത്തുകാട്ടി അതിന് സമീപത്തൊന്നും തന്നെ തീവ്രവാദികളുടെ സാന്നിധ്യമുണ്ടായിരുന്നില്ളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നവംബര്‍ 19ന് ഇദ്ലിബ് മേഖലയിലെ അരഹയില്‍ തിരക്കേറിയ അങ്ങാടിയില്‍ മൂന്ന് റഷ്യന്‍ മിസൈലുകള്‍ പതിച്ചതും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.
റഷ്യയുടെ ചില വ്യോമാക്രമണങ്ങള്‍ പ്രത്യക്ഷമായിത്തന്നെ സിവിലിയന്മാരെയും താമസസ്ഥലങ്ങളെയും ലക്ഷ്യംവെക്കുന്നതായിരുന്നുവെന്നും ഇവിടെ മതിയായ ആരോഗ്യസംവിധാനങ്ങളില്ലാത്തത് പരിക്കേറ്റവരുടെ മരണത്തിന് കാരണമായെന്നും ആംനസ്റ്റി അംഗം ഫിലിപ്പ് ലൂഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.