ഇന്ത്യ–പാക് ചർച്ച: എതിർവാദവുമായി പാക്പാർട്ടികൾ

ഇസ്ലാമാബാദ്: ഇന്ത്യ–പാക് തുടർചർച്ചകളെക്കുറിച്ച് എതിർവാദവുമായി ദേശീയ പാർലമെൻറിൽ പാക് പാർട്ടികൾ. ഇന്ത്യ–പാക് ബന്ധം തുടർചർച്ചകളിലൂടെ ശക്തിപ്പെടുത്താനുള്ള തീരുമാനം പാക് സർക്കാറിെൻറ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെങ്കിലും അത് കൂടുതൽ അനുകൂലമാവുക ഇന്ത്യക്കാണെന്ന് പാക് രാഷ്ട്രീയ പാർട്ടികൾ. അതേസമയം, ഒരു മേശക്ക് ചുറ്റുമിരുന്ന് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻകാണിച്ച തീരുമാനത്തെ അവർ സ്വാഗതം ചെയ്തു.

പത്തു ദിവസത്തിനിടെ മൂന്നുതവണ ഇരു രാജ്യങ്ങളിലെയും ഉന്നതപദവിയിലുള്ളവർ ഒരു മേശക്കുചുറ്റും ചർച്ചക്കുവന്നിരുന്നു. ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, വിദേശകാര്യ  ഉപദേഷ്ടാവ് സർതാജ് അസീസ് എന്നിവരുമായി ചർച്ചനടത്തിയിരുന്നു. തുടർചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കൾ പിരിഞ്ഞത്.
മുംബൈ സ്ഫോടനക്കേസ് വിചാരണ, സംഝോത എക്സ്പ്രസ് കേസ്, കശ്മീർ പ്രശ്നം എന്നീ വിഷയങ്ങളിലൂന്നിയുള്ളതായിരുന്നു ചർച്ച. എന്നാൽ, മുംബൈ സ്ഫോടനത്തിെൻറ വിചാരണ പാകിസ്താനിൽ നടത്തണമെന്ന ഇന്ത്യയുടെ സമ്മർദത്തിന് അധികൃതർ വ്യക്തമായി വഴങ്ങിയതായി തഹ്രീകെ ഇൻസാഫ് പാർട്ടി നേതാവ് ഡോ. ഷിറിൻ മസാരി ആരോപിച്ചു. അതേസമയം, കശ്മീർ വിഷയത്തിൽ പാകിസ്താെൻറ ആശങ്കകൾക്ക് വേണ്ടത്ര പരിഗണനയുണ്ടായില്ല. കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

ജംഇയ്യതുൽ ഉലമാ ഇസ്ലാം നേതാവ് ഫസലുർറഹ്മാനും ഇതേ വാദഗതിയാണ് നിരത്തിയത്. യു.എന്നിൽ പാകിസ്താൻ കശ്മീർ വിഷയം അവതരിപ്പിച്ചപ്പോൾ ഇന്ത്യ പറഞ്ഞത് അത് ഉഭയകക്ഷി പ്രശ്നമാണെന്നും അന്താരാഷ്ട്രതലത്തിൽ പരിഹരിക്കേണ്ട വിഷയമല്ലെന്നുമാണ്.
അതേസമയം, ദീർഘകാലമായി ശത്രുതയിൽ തുടരുന്ന രാജ്യങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് കാണിച്ച ആർജവത്തെ അദ്ദേഹം പ്രശംസിച്ചു. ഹാർട്ട് ഓഫ് ഏഷ്യയുടെ പരിണിതഫലത്തെക്കുറിച്ച് സർതാജ് അസീസ് വിശദീകരണം നൽകണമെന്ന് തഹ്രീകെ ഇൻസാഫിലെ ശഫ്ഖത് മഹ്മൂദ് ആവശ്യപ്പെട്ടു.

ഇന്ത്യ–പാക് ക്രിക്കറ്റ് മത്സരത്തിനുപോലും വിമുഖതകാണിക്കുന്ന ഇന്ത്യ, ഇരുരാജ്യങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരപ്രശ്നത്തെ ക്രിയാത്മകമായി സമീപിക്കാനാകുമോ എന്നതിൽ സംശയമുണ്ടെന്ന് മഹ്മൂദ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.