ദോഹ: ഖത്തറിൽ തുർക്കിയുടെ സൈനിക കേന്ദ്രം സ്ഥാപിക്കുന്നു. ഇതുസംബന്ധിച്ച് ധാരണയായതായി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ ഉദ്ധരിച്ച് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടുദിവസത്തെ സന്ദർശനത്തിന് ഖത്തറിലെത്തിയ ഉർദുഗാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും മറ്റു പ്രമുഖ നേതാക്കളുമായും ചർച്ച നടത്തുകയും ഇരുരാജ്യങ്ങളും തമ്മിൽ നിരവധി കരാറുകൾ ഒപ്പുവെക്കുകയും ചെയ്തിരുന്നു. പ്രകൃതിവാതക സംഭരണകേന്ദ്രം തുടങ്ങാനുള്ള കരാറും ഇതിൽപ്പെടും. സൈനിക കേന്ദ്രം സംബന്ധിച്ച് ധാരണപത്രം കൈമാറിയതായി തുർക്കി ദിനപത്രം ‘സബാഹ്’ റിപ്പോർട്ട് ചെയ്തു.
ഖത്തറിൽ സ്ഥാപിക്കുന്ന ക്യാമ്പിൽ തങ്ങളുടെ സൈനികർ ഉടൻ എത്തുമെന്ന് ഉർദുഗാൻ വ്യക്തമാക്കി. ഇതിനുള്ള സജ്ജീകരണങ്ങൾ തുടങ്ങിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ തുർക്കിയുടെ ആദ്യത്തെ സൈനിക കേന്ദ്രമായിരിക്കും ഇത്. ഖത്തർ–തുർക്കി സൈനികർ ആദ്യ സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചതായും തുർക്കി പ്രസിഡൻറ് പറഞ്ഞു.പ്രകൃതിവാതക സംഭരണവുമായി ബന്ധപ്പെട്ട് ഖത്തറിൽ നിക്ഷേപമിറക്കാൻ തുർക്കി ആലോചിക്കുന്നുണ്ട്. ഖത്തറുമായി ഇത്തരം കാര്യങ്ങളിൽ സഹകരിക്കുന്നത് കൂടുതൽ ഉചിതവും പുരോഗമനപരവുമായിരിക്കുമെന്നും ഉർദുഗാൻ പറഞ്ഞു.
രാജ്യത്തിനാവശ്യമായ പ്രകൃതിവാതകം പൂർണമായി ഇറക്കുമതിചെയ്യുന്ന തുർക്കി നേരത്തേ റഷ്യയുമായി ഇത്തരം സാധ്യതകൾ ചർച്ച ചെയ്തിരുന്നു. എന്നാൽ, സമീപകാലത്തുണ്ടായ സംഭവങ്ങളാണ് തുർക്കിയുടെ നിക്ഷേപം ഖത്തറിലേക്ക് മാറ്റാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.