നാലായിരം വർഷം പഴക്കമുള്ള 'സ്റ്റോൺഹെഞ്ച്' നെതർലൻഡിൽ കണ്ടെത്തി പുരാവസ്തു ഗവേഷകർ

4000 വർഷങ്ങൾക്ക് മുമ്പ് മതപരമായ ആരാധനകൾക്കും മൃതദേഹ സംസ്കാരത്തിനുമായി ഉപയോഗിച്ചിരുന്ന സ്ഥലം നെതർലൻഡിൽ കണ്ടെത്തി പുരാവസ്തു ഗവേഷകർ. 'നെതർലാൻഡ്‌സിന്റെ സ്റ്റോൺഹെഞ്ച്' എന്നാണ് ഇതിനെ വിളിക്കപ്പെടുന്നത്. ശ്മശാനസ്ഥലത്ത് സോളാർ കലണ്ടറായി പ്രവർത്തിക്കുന്ന പ്രത്യേക നിർമിതിയും കണ്ടെത്തിയിട്ടുണ്ട്. 65 അടി വ്യാസമുള്ള ഇതിനടിയിൽ നിന്ന് 60ഓളം പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സംസ്കാരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മൃഗങ്ങളുടെ അസ്ഥികൂടങ്ങൾ, മനുഷ്യ തലയോട്ടികൾ, വെങ്കല കുന്തമുന പോലുള്ള വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള പലതും പുരാവസ്തു ഗവേഷകർ ഇവിടെനിന്ന് കണ്ടെത്തി. റോട്ടർഡാമിന് 70 കി.മീ കിഴക്കുള്ള ടീൽ എന്ന സ്ഥലത്ത് നടത്തിയ ഖനനത്തിലാണ് ഇവ കണ്ടെത്തിയത്.

ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ചിലെ കല്ലുകൾക്ക് സമാനമായതാണ് ഇതെന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്.

കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇവിടെ ആളുകൾ പ്രത്യേക ദിവസങ്ങളിൽ ആചാരങ്ങൾ അനുഷ്ഠിക്കുകയും മരിച്ചവരെ സംസ്‌കരിക്കുകയും ചെയ്യുന്ന വളരെ പ്രാധാന്യമുള്ള സ്ഥലമായിരുന്നെന്നാണ് അനുമാനം. ഘോഷയാത്രകൾക്കായി ഉപയോഗിക്കുന്ന പാതകളിൽ തൂണുകളുടെ നിരകൾ ഉണ്ടായിരുന്നു.

2017 ൽ ഈ സ്ഥലം ഖനനം ചെയ്യുമ്പോൾ നിരവധി ശവക്കുഴികളും കണ്ടെത്തിയിരുന്നു. അതിലൊന്ന് കൈയ്യിൽ ഇന്നത്തെ ഇറാഖിലെ മെസൊപ്പൊട്ടേമിയയിൽ നിന്നുള്ള ഒരു സ്ഫടിക കൊന്തയുമായി അടക്കം ചെയ്ത ഒരു സ്ത്രീയുടെ ശവകുടീരമായിരുന്നു. നെതർലാൻഡിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള കൊന്തയാണിത്. ഈ പ്രദേശത്തെ ആളുകൾ ഏകദേശം 5,000 കിലോമീറ്റർ അകലെയുള്ള ആളുകളുമായി സമ്പർക്കം പുലർത്തിയതിനുള്ള തെളിവുകളുണ്ട്.

ശിലായുഗം, വെങ്കലയുഗം, ഇരുമ്പ് യുഗം, റോമൻ സാമ്രാജ്യം, മധ്യകാലഘട്ടം തുടങ്ങിയ കാലഘട്ടങ്ങളിലെ ഒരു ദശലക്ഷത്തിലധികം ഖനന വസ്തുക്കളിൽ ഗവേഷണം നടത്താൻ പുരാവസ്തു ഗവേഷകർ ഏകദേശം ആറ് വർഷമാണ് എടുത്തത്. ഖനനം പൂർത്തിയാക്കിയ ശേഷം, നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനായി സൈറ്റ് വീണ്ടും മൂടി. ചില കണ്ടെത്തലുകൾ ടീലിലെ പ്രാദേശിക മ്യൂസിയത്തിലും ഡച്ച് നാഷണൽ മ്യൂസിയം ഓഫ് ആന്റിക്വിറ്റീസിലും പ്രദർശിപ്പിക്കും.

Tags:    
News Summary - Archaeologists have discovered a 4,000-year-old 'Stonehenge' in the Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.