പ്രധാനമന്ത്രിയായി നെതന്യാഹുവിനെ പിന്തുണക്കുന്നത് 15 ശതമാനം മാത്രം; സർവേ റിപ്പോർട്ട് പുറത്ത്

ടെൽ അവീവ്: ഗസ്സ അധിനിവേശത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രിയായി ബിന്യമിൻ നെതന്യാഹു തുടരണമെന്ന് ആഗ്രഹിക്കുന്നത് വെറും 15 ശതമാനം ആളുകൾ മാത്രമെന്ന് അഭിപ്രായ സർവേ റിപ്പോർട്ട്. ഹമാസിനെ ഇല്ലാതാക്കണമെന്ന നെത്യനാഹുവിന്റെ നയത്തെ ഒരു വിഭാഗം പിന്തുണക്കുമ്പോൾ പ്രധാനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പിന്തുണ വലിയ തോതിൽ ഇടിഞ്ഞെന്നാണ് സർവേ ഫലങ്ങൾ തെളിയിക്കുന്നത്.

ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച സർവേ നടത്തിയത്. ബന്ദികളെ വിട്ടുകിട്ടാൻ സൈനിക നടപടി തുടരുന്നതിനെ 56 ശതമാനം പേർ ചോദ്യം ചെയ്തു. ഇസ്രായേൽ ജയിലുകളിൽ നിന്നും ഫലസ്തീനികളെ മോചിപ്പിച്ച് ബന്ദികളെ തിരിച്ചെത്തിക്കുകയാണ് ഏറ്റവും നല്ല പോംവഴിയെന്ന് 24 ശതമാനം പേർ കരുതുന്നു.

പക്ഷേ പ്രധാനമന്ത്രിയെന്ന നിലയിൽ നെത്യനാഹുവിന്റെ ജനപ്രീതിക്ക് ഇടിവ് സംഭവിക്കുകയാണെന്ന് സർവേ പറയുന്നു. സർവേയിൽ പ​ങ്കെടുത്തവരിൽ പ്രധാനമന്ത്രിയായി നെതന്യാഹുവിനെ അംഗീകരിച്ചത് വെറും 15 ശതമാനം ആളുകൾ മാത്രമാണ്. നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളിയും യുദ്ധകാല മന്ത്രിസഭയിലെ പ്രതിനിധിയുമായ ബെന്നി ഗാറ്റ്സിന് 23 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. സർവേയിൽ പ​ങ്കെടുത്ത 30 ശതമാനം പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരാളേയും ഉയർത്തികാട്ടിയിട്ടില്ല.

ഡിസംബർ 25 മുതൽ 28 വരെയുള്ള കാലയളവിലാണ് സർവേ നടത്തിയത്. ഇതിന് മുമ്പ് ഇതേ ഏജൻസി നടത്തിയ സർവേയിൽ പ​ങ്കെടുത്ത 69 ശതമാനം പേരും യുദ്ധത്തിന് പിന്നാലെ ഇസ്രായേലിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ജുഡീഷ്യറിയുടെ അധികാരങ്ങൾ കവർന്നെടുത്ത് പാർലമെന്റ് പാസാക്കിയ ജുഡീഷ്യൽ പരിഷ്‍കരണ നിയമം ഇസ്രായേൽ സുപ്രീംകോടതി തള്ളിയത് നെതന്യാഹുവിന് കനത്ത തിരിച്ചടിയായിരുന്നു. രാജ്യത്തെ കടുത്ത രാഷ്ട്രീയ, ഭരണഘടന പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുമാണ് 15 അംഗ സുപ്രീകോടതി ബെഞ്ചിലെ എട്ടുപേരും നിയമത്തിനെതിരെ വിധിയെഴുതിയത്.

Tags:    
News Summary - Amid War, Only 15% Israelis Want PM Netanyahu To Stay In Office, Say Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.