ട്രംപ് തുടങ്ങി; ഇസ്രായേല്‍ എംബസി ജറൂസലമിലേക്ക് മാറ്റാനൊരുങ്ങുന്നു

വാഷിങ്ടണ്‍: അമേരിക്കയുടെ ഇസ്രായേല്‍ എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാനൊരുങ്ങുന്നു. പ്രസിഡന്‍റിന്‍െറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജറൂസലം മേയറും ഇക്കാര്യം സ്ഥിരീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ട്രംപ് ജറൂസലമിലേക്ക് എംബസി മാറ്റുന്നതിനെക്കുറിച്ച് പ്രസ്താവിച്ചത്. വെസ്റ്റ്ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും ഇസ്രായേലിന്‍െറ കുടിയേറ്റങ്ങള്‍ക്കുള്ള പിന്തുണയെന്ന നിലക്കായിരുന്നു ട്രംപിന്‍െറ പ്രസംഗം. വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്ന ഈ പ്രസ്താവനക്കെതിരെ വിവിധ രാഷ്ട്രങ്ങള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, ട്രംപ് നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.  മാത്രമല്ല, തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടെയാണ് സത്യപ്രതിജ്ഞക്കുശേഷമുള്ള ആദ്യ നടപടികളില്‍ എംബസി മാറ്റവും ഇടംപിടിച്ചിരിക്കുന്നത്.
വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്പൈസറാണ് എംബസി മാറ്റത്തെക്കുറിച്ച് ആദ്യം സൂചന നല്‍കിയത്. ചര്‍ച്ച ഇതിനകം തുടങ്ങിയെന്നാണ് അദ്ദേഹം പറഞ്ഞത്. വിഷയം, ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി ട്രംപ് ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ജറൂസലം മേയര്‍ നിര്‍ ബര്‍കാത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തു. ജറൂസലം ഇസ്രായേലിന്‍െറ അവിഭാജ്യ ഘടകമാണെന്ന് അമേരിക്ക അംഗീകരിക്കുന്നുവെന്നാണ് പുതിയ നീക്കത്തിന്‍െറ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംബസി ജറൂസലമിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ട്രംപിന് കത്തെഴുതിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനശ്രമങ്ങളെ ഈ നീക്കം ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വീണ്ടും വൈറ്റ്ഹൗസിന്‍െറ മാധ്യമവിമര്‍ശനം
വാഷിങ്ടണ്‍: പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിനു പിന്നാലെ വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മാധ്യമവിമര്‍ശനവുമായി രംഗത്ത്. പ്രസിഡന്‍റിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുമെന്നും ചീഫ്  ഓഫ് ദി സ്റ്റാഫ് റീന്‍സ് പീബിയസ് പറഞ്ഞു. മാധ്യമങ്ങളുമായുള്ള ബന്ധം പുന$പരിശോധിക്കുമെന്ന് വൈറ്റ്ഹൗസിലെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥ കെല്ലിലേന്‍ കോവെ പറഞ്ഞു.

 

Tags:    
News Summary - israel embassy in jerusalem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.