വാഷിങ്ടണിലും വയോമിങ്ങിലും ട്രംപിന് തിരിച്ചടി


വാഷിങ്ടണ്‍: വംശവെറി പറഞ്ഞ് അമേരിക്കയുടെ മനസ്സിളക്കിയ റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തോല്‍വി. യു.എസ് തലസ്ഥാന നഗരമായ വാഷിങ്ടണ്‍ ഡി.സി, വയോമിങ് എന്നിവിടങ്ങളില്‍ നടന്ന പ്രാഥമിക തെരഞ്ഞെടുപ്പുകളിലാണ് ട്രംപ് അടിയറവുപറഞ്ഞത്. വാഷിങ്ടണ്‍ ഡി.സി കോക്കസില്‍ മറ്റു സ്ഥാനാര്‍ഥികളായ മാര്‍കോ റൂബിയോ 37.3ഉം ജോണ്‍ കാസിച് 35.5ഉം ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ട്രംപ് 13.8 ശതമാനവുമായി മൂന്നാമനായി. റൂബിയോക്ക് 10ഉം കാസിച്ചിന് ഒമ്പതും പ്രതിനിധികളെ ലഭിച്ചു. ട്രംപിന് പ്രതിനിധികളൊന്നുമില്ല.
പടിഞ്ഞാറന്‍ സംസ്ഥാനമായ വയോമിങ്ങില്‍ ടെഡ് ക്രൂസിനാണ് മേല്‍ക്കൈ. 66.3 ശതമാനം വോട്ടുകള്‍ അദ്ദേഹം സ്വന്തമാക്കിയപ്പോള്‍ റൂബിയോ 19.5 ശതമാനം വോട്ട് നേടി. ട്രംപ് 7.2 ശതമാനം വോട്ടുകളിലൊതുങ്ങി. ഡെമോക്രാറ്റ് ശക്തികേന്ദ്രമായ വാഷിങ്ടണ്‍ ഡി.സിയിലെ പ്രൈമറി റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമല്ളെങ്കിലും ട്രംപിനെതിരായ പടനീക്കത്തെ ശക്തിപ്പെടുത്തും. കഴിഞ്ഞ ദിവസം ഷികാഗോയില്‍ നടത്താനിരുന്ന ട്രംപ് അനുകൂല റാലി സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ഫ്ളോറിഡ, ഇലനോയ്, മിസൂറി, നോര്‍ത് കരോലൈന, ഒഹായോ സംസ്ഥാനങ്ങളില്‍ പ്രൈമറികള്‍ ചൊവ്വാഴ്ച നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.