മിൻ ഓങ് ലൈങ്
ബാങ്കോക്ക്: മ്യാന്മർ തെരഞ്ഞെടുപ്പിൽ വിജയം നേടിയ സൈനിക മേധാവി മിൻ ഓങ് ലൈങ് പ്രസിഡന്റായി അധികാരമേറ്റു. 2021ൽ നൊബേൽ ജേതാവ് ഓങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ അട്ടിമറിച്ചാണ് ലൈങ് അധികാരം പിടിച്ചെടുത്തത്. യു.എൻ വിദഗ്ധരും അവകാശ സംഘടനകളും നീതിയുക്തമോ സ്വതന്ത്രമോ അല്ലെന്ന് വിധിച്ച പൊതുതെരഞ്ഞെടുപ്പിന് ശേഷമാണ് അദ്ദേഹത്തിന്റെ അധികാരാരോഹണം. നിയമനിർമാണ സഭയിലെ ഏകദേശം 90 ശതമാനം സീറ്റുകളും സൈന്യത്തെ അനുകൂലിക്കുന്ന വിഭാഗങ്ങളാണ് കൈയടക്കിയത്. ആഭ്യന്തര സംഘർഷം കാരണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. സംഘർഷം അവസാനിപ്പിക്കുക എന്നതാണ് പുതിയ ഭരണകൂടത്തിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
രണ്ട് പദവികൾ വഹിക്കാൻ ഭരണഘടന അനുവദിക്കാത്തതിനാൽ മിൻ ഓങ് ലൈങ് സേനാമേധാവി സ്ഥാനത്തുനിന്ന് രാജിവെച്ചു. അഞ്ചുവർഷത്തേക്ക് അദ്ദേഹം പ്രസിഡന്റ് പദവിയിൽ തുടരും. അടുത്ത അനുയായി ജനറൽ തെ വിൻ ഓയെ സൈനിക മേധാവിയാക്കി. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത 30 അംഗ കാബിനറ്റ് അംഗങ്ങളിൽ 28 പേരും മുൻ ജനറൽമാരോ സൈനിക പിന്തുണയുള്ള യൂനിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെന്റ് പാർട്ടി അംഗങ്ങളോ നേരത്തേ സൈനിക ഭരണകൂടത്തിൽ അധികാരസ്ഥാനങ്ങൾ വഹിച്ചവരോ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.