മിലാനിയ ട്രംപ്

കുറ്റവാളികളെ സംരക്ഷിക്കുന്നു; വിവാദ വെളിപ്പെടുത്തലിൽ മിലാനിയ ട്രംപിനെതിരെ എപ്‌സ്റ്റീൻ ഇരകൾ

വാഷിങ്ടൺ: ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കി മുൻ പ്രഥമ വനിത മിലാനിയ ട്രംപ്. വൈറ്റ് ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് മിലാനിയ തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, മിലാനിയയുടെ പ്രസ്താവന കുറ്റവാളികളെ സംരക്ഷിക്കാനും ഇരകളെ വീണ്ടും സമ്മർദത്തിലാക്കാനുമാണെന്ന് എപ്‌സ്റ്റീന്റെ ക്രൂരതകൾക്ക് ഇരയായവർ ആരോപിച്ചു.

എപ്‌സ്റ്റീനുമായോ അയാളുടെ സഹായി ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലുമായോ തനിക്ക് വ്യക്തിപരമായ ബന്ധമില്ലെന്ന് മിലാനിയ പറഞ്ഞു. "ഞാൻ എപ്‌സ്റ്റീന്റെ സുഹൃത്തല്ല, അയാളുടെ ഇരയുമല്ല. ​ഡോണൾഡ് ട്രംപിനെ എനിക്ക് പരിചയപ്പെടുത്തിയത് എപ്‌സ്റ്റീനല്ല," മിലാനിയ വ്യക്തമാക്കി. ന്യൂയോർക്കിലെയും പാം ബീച്ചിലെയും ഉന്നത സാമൂഹിക വൃത്തങ്ങളിൽ ഇത്തരം പാർട്ടികൾ സാധാരണമാണെന്നും അതുകൊണ്ട് മാത്രമാണ് പലപ്പോഴും ഒരേ വേദികളിൽ എപ്‌സ്റ്റീനൊപ്പം കാണപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു. മാക്‌സ്‌വെല്ലിന് അയച്ച ഇമെയിലുകൾ വെറും ഔദ്യോഗികമായവ മാത്രമാണെന്നും അവർ വാദിച്ചു.

മെലാനിയയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി എപ്‌സ്റ്റീൻ ഇരകളുടെ കൂട്ടായ്മ രംഗത്തെത്തി. തങ്ങളുടെ മൊഴികളിലൂടെയും നിയമപോരാട്ടത്തിലൂടെയും ഇതിനോടകം തന്നെ വലിയ ധീരത കാട്ടിയവരാണ് തങ്ങളെന്നും, അധികാരികൾ ചെയ്യേണ്ട ഉത്തരവാദിത്തം ഇരകളുടെ മേൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മിലാനിയ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. ഉന്നതരെ സംരക്ഷിക്കാനുള്ള ഈ നീക്കം നീതിയല്ലെന്നും ഇവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.അടച്ചുപൂട്ടിയ ഫയലുകൾ പുറത്തുവിടാത്തതിനും ഇരകളുടെ പേരുവിവരങ്ങൾ ചോർന്നതിനും മുൻ അറ്റോർണി ജനറൽ പാം ബോണ്ടി മറുപടി പറയണമെന്നും ഇരകൾ ആവശ്യപ്പെട്ടു. അധികാരത്തിലുള്ളവർ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുന്നത് കുറ്റവാളികൾക്ക് വളമാകുമെന്നും അവർ ഓർമിപ്പിച്ചു.

Tags:    
News Summary - Protecting criminals; Epstein victims accuse Melania Trump of controversial revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.