മടക്കയാത്രയ്ക്കിടയിൽ ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസൻ, കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ ഓറിയോൺ പേടകത്തിനുള്ളിൽ നിന്നുളള ദൃശ്യം
വാഷിങ്ടൺ: അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രന്റെ ചാരത്തെത്തിച്ച നാസയുടെ ആർട്ടിമിസ് 2 ദൗത്യം വിജയകരമായി അവസാനിക്കുന്നു. ദൗത്യസംഘം നാളെ ഭൂമിയിൽ തിരിച്ചെത്തും. പത്തു ദിവസം നീണ്ടുനിന്ന ചന്ദ്രയാത്രക്ക് ശേഷം ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ച പസഫിക് സമുദ്രത്തിലാണ് സഞ്ചാരികൾ ഇറങ്ങുക. 1972ലെ അപ്പോളോ ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രനെ ചുറ്റി സുരക്ഷിതമായി മടങ്ങിയെത്തുന്നത്.
മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ പൗരനുമടങ്ങുന്ന നാലംഗ സംഘമാണ് ഓറിയോൺ പേടകത്തിലുള്ളത്. ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതയായ ക്രിസ്റ്റീന കോക്ക്, ആദ്യ കറുത്ത വർഗ്ഗക്കാരനായ വിക്ടർ ഗ്ലോവർ, ആദ്യ കനേഡിയൻ പൗരനായ ജെറമി ഹാൻസൻ, ദൗത്യത്തിന്റെ കമാൻഡർ റീഡ് വൈസ്മാൻ എന്നിവർ ചേർന്നാണ് ഈ ചരിത്ര ദൗത്യം പൂർത്തിയാക്കിയത്. ഭൂമിയിൽ നിന്നും ഏകദേശം 4 ലക്ഷം കിലോമീറ്ററിലധികം അകലേക്ക് ഇവർ സഞ്ചരിച്ചു. 1970ൽ അപ്പോളോ 13 സ്ഥാപിച്ച റെക്കോർഡാണ് ഹിറ്റ്മാനും സംഘവും ഇത്തവണ തകർത്തത്.
യാത്രക്കിടെ ചന്ദ്രോപരിതലത്തിന്റെ അതിമനോഹരമായ ചിത്രങ്ങളും വിഡിയോകളും ഇവർ ഭൂമിയിലേക്ക് അയച്ചിരുന്നു. ചന്ദ്രനിലെ ഒരു ഗർത്തത്തിന്, കമാൻഡർ റീഡ് വൈസ്മാന്റെ അന്തരിച്ച ഭാര്യ കാരോളിന്റെ പേര് നൽകാനുള്ള വികാരനിർഭരമായ തീരുമാനവും ഈ യാത്രയുടെ ഭാഗമായി. പേടകത്തിലെ ശുചിമുറി തകരാറിലായതും അത് ക്രിസ്റ്റീന കോക്ക് തന്നെ നന്നാക്കിയതും ഉൾപ്പെടെയുള്ള വെല്ലുവിളികൾ സംഘം അതിജീവിച്ചു.
മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗതയിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പേടകത്തെ പാരച്യൂട്ടുകൾ ഉപയോഗിച്ച് നിയന്ത്രിച്ചാണ് കടലിലിറക്കുന്നത്. 2,700 ഡിഗ്രി സെൽഷ്യസ് വരെ ചൂട് പ്രതിരോധിക്കാൻ ശേഷിയുള്ള ഹീറ്റ് ഷീൽഡുകളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ ദൗത്യത്തിന്റെ വിജയം 2028ൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള നാസയുടെ അടുത്ത നീക്കത്തിന് കരുത്തേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.