റഷ്യൻ യുദ്ധക്കളത്തിൽ കുടുങ്ങി ഇന്ത്യക്കാർ; മനുഷ്യക്കടത്തെന്ന് സുപ്രീം കോടതി,കേന്ദ്രത്തോട് റിപ്പോർട്ട് തേടി

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധമുഖത്ത് ഇന്ത്യക്കാരെ നിർബന്ധപൂർവം സൈന്യത്തിൽ ചേർത്ത സംഭവം അതീവ ഗൗരവതരമെന്ന് സുപ്രീം കോടതി. വിദേശ രാജ്യത്തിന് വേണ്ടി താൽപര്യമില്ലാതെ യുദ്ധം ചെയ്യാൻ തങ്ങൾ നിർബന്ധിക്കപ്പെടുകയാണെന്നും ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാമെന്നുമുള്ള യുവാക്കളുടെ ദയനീയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് കോടതി വിശദീകരണം തേടി.

വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ റഷ്യയിലെത്തിക്കുകയും, അവിടെയെത്തിയ ശേഷം പാസ്‌പോർട്ട് പിടിച്ചുവെച്ച് നിർബന്ധപൂർവ്വം സൈന്യത്തിൽ ചേർക്കുകയുമാണെന്ന് 26 യുവാക്കൾ നൽകിയ ഹർജിയിൽ പറയുന്നു. ഇതൊരു വ്യക്തമായ 'മനുഷ്യക്കടത്ത്' കേസാണെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾ യുവാക്കളെ ചതിയിൽപ്പെടുത്തിയതാണെന്നും ഇതുവരെ ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും ഹർജിഭാഗം കോടതിയെ ബോധിപ്പിച്ചു.

റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന യുവാക്കളുടെ ദയനീയാവസ്ഥ ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വിവരിച്ചു. "ഞങ്ങൾ റഷ്യയിൽ കുടുങ്ങിയിരിക്കുകയാണ്. ഒട്ടും താൽപര്യമില്ലാതെ മറ്റൊരു രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാൻ ഞങ്ങൾ നിർബന്ധിക്കപ്പെടുന്നു. ഏത് നിമിഷവും ഞങ്ങൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തേക്കാം. അതീവ ഭയാനകമായ സാഹചര്യത്തിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്," എന്ന് യുവാക്കൾ കോടതിയെ അറിയിച്ചു.

യുവാക്കളുടെ നിലവിലെ അവസ്ഥയും സുരക്ഷയും ഉറപ്പാക്കാൻ റഷ്യയിലെ ഇന്ത്യൻ എംബസി വഴി അടിയന്തര ഇടപെടൽ നടത്താൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി നിർദേശിച്ചു. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും അവർക്ക് നിയമസഹായം നൽകുന്നതിനും നാട്ടിലെത്തിക്കുന്നതിനും സ്വീകരിച്ച നയതന്ത്ര നീക്കങ്ങൾ 10 ദിവസത്തിനകം അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് നിലവിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുദ്ധം ചെയ്യാൻ നിർബന്ധിക്കപ്പെടുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോടും കോടതി റിപ്പോർട്ട് തേടി. കേസ് ഏപ്രിൽ 24ന് വീണ്ടും പരിഗണിക്കും.

Tags:    
News Summary - ndian youth trapped in Russian battlefield; Supreme Court says human trafficking, CJI seeks urgent report from Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.