ലിബിയ എന്‍െറ വലിയ പിഴ -ഒബാമ

വാഷിങ്ടണ്‍: പിന്മുറക്കാരെ കണ്ടത്തെി അധികാരമേല്‍പിക്കുന്നതിനെ കുറിച്ച് തീരുമാനങ്ങളില്ലാതെ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ മറിച്ചിട്ടത് എട്ടുവര്‍ഷത്തെ ഭരണത്തിനിടയിലെ തന്‍െറ ഏറ്റവും വലിയ പിഴയെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. അമേരിക്കന്‍ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ലിബിയയില്‍ ഗദ്ദാഫിയെ മറിച്ചിടലില്‍ കവിഞ്ഞ് അജണ്ടകളില്ലായിരുന്നുവെന്ന് ഒബാമ കുറ്റസമ്മതം നടത്തിയത്.
2011ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനിക ഇടപെടലിനൊടുവില്‍ ഗദ്ദാഫി വീണതോടെ രാജ്യം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് വീണിരുന്നു. രാജ്യത്തിന്‍െറ മിക്ക ഭാഗങ്ങളും മിലീഷ്യകളുടെ നിയന്ത്രണത്തിലായെന്നു മാത്രമല്ല, പാശ്ചാത്യ പിന്തുണയോടെ നിലവില്‍ വന്നതുള്‍പ്പെടെ മൂന്നു സമാന്തര സര്‍ക്കാറുകള്‍ ഭരണം അവകാശപ്പെട്ട് രംഗത്തത്തെുകയും ചെയ്തു. സമ്പൂര്‍ണ അരാജകത്വം വാഴുന്ന രാജ്യത്തെ പ്രശ്നങ്ങള്‍ക്കു കാരണക്കാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും മറ്റു യൂറോപ്യന്‍ നേതാക്കളുമാണെന്ന് അടുത്തിടെ ഒബാമ കുറ്റപ്പെടുത്തിയിരുന്നു.

ലിബിയയിലെ സിവിലിയന്‍ ജനതയെ രക്ഷപ്പെടുത്താന്‍ ആവശ്യമായതെന്തും സ്വീകരിക്കാന്‍ 2011 മാര്‍ച്ചില്‍ ചേര്‍ന്ന യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചാണ് ട്രിപളിയില്‍ യു.എസും സഖ്യകക്ഷികളും ബോംബിങ് ശക്തമാക്കിയതും ഒക്ടോബറില്‍ ഗദ്ദാഫിയെ കൊലപ്പെടുത്തിയതും. ലിബിയന്‍ ദൗത്യത്തില്‍ അന്നത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്‍റണ്‍ നേരിട്ട് നടത്തിയ ഇടപെടലുകള്‍ അടുത്തിടെ വെളിച്ചത്തുവന്നിരുന്നു. നാലു പതിറ്റാണ്ടിലേറെ ഭരണം കൈയാളിയ ഗദ്ദാഫി ഇല്ലാതായതോടെ ഐ.എസ് ഉള്‍പ്പെടെ ഭീകര സംഘടനകളുടെ താവളമായി രാജ്യം മാറി.

അഞ്ചു വര്‍ഷത്തിനിടെ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ലിബിയയില്‍ നാലു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്ന് യൂറോപ്പില്‍ അഭയം തേടി കപ്പലേറുന്നവരുടെ താവളവുമാണ് ലിബിയ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.