ബ്രസൽസ്: ഗസ്സയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂനിയൻ അംഗങ്ങൾ. ഗസ്സയിലെ ആക്രമണം താൽകാലികമായി നിർത്തി ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കണമെന്നും യുറോപ്യൻ യൂണിയൻ അംഗങ്ങൾ ആവശ്യപ്പെട്ടു.
രണ്ട് ദിവസം നടന്ന സമ്മേളനത്തിനൊടുവിലാണ് ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിന്റെ ഔദ്യോഗിക പ്രസ്താവന പുറത്ത് വന്നത്. 27 ഇ.യു അംഗങ്ങളും പ്രസ്താവനയെ അനുകൂലിച്ചുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയാണ് പ്രസ്താവനയിൽ അന്തിമ ധാരണയായത്.
വെടിനിർത്തൽ എന്നത് പ്രസ്താവനയിൽ വേണമെന്ന അഭിപ്രായമറിയിച്ച സ്പെയിനുമായി കൂടുതൽ ചർച്ചകൾ നടത്തിയതിന് ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ ധാരണയായത്. ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിൽ സമാധാനത്തിനായി രണ്ട് രാജ്യങ്ങളെന്ന നിർദേശം യൂറോപ്യൻ യൂനിയനും അംഗീകരിക്കുകയാണെന്ന് പ്രസ്താവന വ്യക്തമാക്കി.
എല്ലാ സിവിലിയൻമാരേയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ അനുസരിച്ച് സംരക്ഷിക്കണമെന്നും യുദ്ധത്തിനിടെ സിവിലിയൻമാർക്ക് ജീവൻ നഷ്ടപ്പെടരുതെന്നും യൂറോപ്യൻ യൂനിയൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഗസ്സയിലെ സാധാരണ ജനങ്ങളുടെ അവസ്ഥയിൽ യൂറോപ്യൻ കൗൺസിൽ കടുത്ത ആശങ്കയും പ്രകടിപ്പിച്ചു.
അതിനിടെ ഗസ്സയിലെ മരണം 7000 കവിഞ്ഞതായും ഇതിൽ മൂവായിരത്തിലധികം പേർ കുട്ടികളാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സയിലെ താമസയോഗ്യമായ കെട്ടിടങ്ങളുടെ 45 ശതമാനവും ആക്രമണത്തിൽ തകർന്നു. 219 സ്കൂൾ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേരാണ് അഭയാർഥികളായത്. ഇതുവരെ 101 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ 24 ആശുപത്രികൾ ഒഴിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ 250 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഖാൻ യൂനുസിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.