യു.എസിൽ കോവിഡ് ബാധിച്ചത് അഞ്ച് ലക്ഷം കുട്ടികൾക്ക്

വാഷിങ്ടൺ: കോവിഡ് കനത്ത നാശംവിതച്ച യു.എസിൽ അഞ്ച് ലക്ഷത്തിലേറെ കുട്ടികൾക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്‍റെയും ചിൽഡ്രൻ ഹോസ്പിറ്റൽ അസോസിയേഷന്‍റെയും റിപ്പോർട്ടിലാണ് കുട്ടികളിലെ കോവിഡ് ബാധയെ കുറിച്ച് പറയുന്നത്.

ആഗസ്റ്റ് 20നും സെപ്റ്റംബർ മൂന്നിനും ഇടയിൽ മാത്രം 70,630 കുട്ടികൾക്കാണ് കോവിഡ് ബാധിച്ചത്. ആകെ 5,13,415 കുട്ടികൾക്കാണ് കോവിഡ് ബാധിച്ചത്.

കോവിഡിനെ എത്രത്തോളം ഗൗരവത്തോടെ കാണണമെന്ന് ഈ കണക്കുകൾ ഓർമിപ്പിക്കുന്നുണ്ടെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രസിഡന്‍റ് ഡോ. സാലി ഗോസ പറഞ്ഞു.

കറുത്തവർക്കിടയിലും ദാരിദ്ര്യമുള്ള സ്ഥലങ്ങളിലുമാണ് കുട്ടികളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ അസമത്വങ്ങൾക്ക് കാരണമാകുന്ന സാമൂഹിക സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ പരിശ്രമിക്കണം -അദ്ദേഹം പറഞ്ഞു. യു.എസിൽ ആകെ കോവിഡ് ബാധിതരുടെ 10 ശതമാനമാണ് രോഗികളായ കുട്ടികളുള്ളത്.

യു.എസിൽ ഇനി ഫ്ലൂവിന്‍റെ കാലമാണ് വരാനിരിക്കുന്നതെന്നും പൊതുജനാരോഗ്യ നടപടികൾ ഫലപ്രദമായി നടപ്പാക്കണമെന്നും അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്‍റെ പകർച്ചവ്യാധി പ്രതിരോധ സമിതി ഉപാധ്യക്ഷൻ ഡോ. സീൻ ഒലീറി പറഞ്ഞു.

യു.എസിൽ ആകെ 65,23,197 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,94,414 പേർ മരിക്കുകയും ചെയ്തു. 25,28,886 പേർ ഇപ്പോഴും ചികിത്സയിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.