യാത്രക്കാരെ വഞ്ചിക്കുന്നു; എയർ ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനകമ്പനിയായ എയർ ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര കാർഷിക മന്ത്രി ശിവരാജ് സിങ് ചൗഹാൻ. ശനിയാഴ്ചയാണ് എയർ ഇന്ത്യയെ വിമർശിച്ച് ശിവരാജ് സിങ് ചൗഹാൻ രംഗത്തെത്തിയത്. വിമാനത്തിൽ തനിക്ക് പൊട്ടിയ സീറ്റാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

ഭോപ്പാൽ-ഡൽഹി യാത്രക്കിടെയായിരുന്നു മന്ത്രിക്ക് മോശം സീറ്റ് ലഭിച്ചത്. എക്സിലൂടെയായിരുന്നു മന്ത്രിയുടെ വിമർശനം. പൊട്ടിയ സീറ്റാണ് തനിക്ക് ലഭിച്ചതെന്ന് വിമാന ജീവനക്കാരെ അറിയിച്ചപ്പോൾ സീറ്റ് തകർന്ന വിവരം മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നായിരുന്നു മറുപടി. ഈ സീറ്റിലേക്ക് ബുക്കിങ് കൊടുക്കരുതെന്നും മാനേജ്മെന്റിനോട് നിർദേശിച്ചിരുന്നുവെന്നും ജീവനക്കാർ വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയർ ഇന്ത്യയുടെ എ.ഐ436 വിമാനത്തിലാണ് താൻ സഞ്ചരിച്ചത്. 8C എന്ന സീറ്റാണ് തനിക്ക് ലഭിച്ചത്. തന്റെ സഹയാത്രികൻ നല്ല സീറ്റ് നൽകാമെന്ന് അറിയിച്ചുവെങ്കിലും കമ്പനിയുടെ പ്രശ്നത്തിന് മറ്റൊരാളെ താൻ ബുദ്ധിമുട്ടിച്ചില്ല. ടാറ്റ എയർ ഇന്ത്യ ഏറ്റെടുത്തപ്പോൾ സേവനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ലെന്നും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

മോശം സീറ്റിൽ യാത്ര ചെയ്യുന്നതിന് തനിക്ക് ബുദ്ധിമുട്ടില്ല. എന്നാൽ, മുഴുവൻ പണവും നൽകിയിട്ടും മോശം സേവനം ലഭിക്കുന്നത് അംഗീകരിക്കാനാവില്ല. യാത്രക്കാരെ വഞ്ചിക്കുകയാണോ നിങ്ങൾ ചെയ്യുന്നതെന്നും എയർ ഇന്ത്യയോട് അദ്ദേഹം ചോദിച്ചു.

അതേസമയം, മന്ത്രിയുടെ പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ ക്ഷമാപണവുമായി എയർ ഇന്ത്യ രംഗത്തെത്തി. സംഭവത്തിൽ ക്ഷമചോദിക്കുകയാണെന്നും ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും താങ്കൾക്കുണ്ടായ ബുദ്ധിമുട്ട് സംബന്ധിച്ച് വിശദമായ പരാതി നൽകണമെന്നും എയർ ഇന്ത്യ അഭ്യർഥിച്ചു.

Tags:    
News Summary - Air india "Cheating Passengers": Shivraj Chouhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.