തെൽഅവീവ്: ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. മധ്യ-വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.തെൽ അവീവ്, ജറുസലേം നഗരങ്ങളിൽ സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ മാധ്യമങ്ങളാണ് ആക്രമണം സംബന്ധിച്ച വാർത്തകൾ പുറത്ത്. ഹൈഫയിലും മിസൈൽ ആക്രമണമുണ്ടായതായി വാർത്തകളുണ്ട്. ഇതുസംബന്ധിച്ച് ഇസ്രായേൽ പ്രതിരോധസേന അന്വേഷണം നടത്തുകയാണ്. പത്ത് സ്ഥലങ്ങളിൽ ഇറാൻ ആക്രമണം നടത്തിയെന്നാണ് സൂചന.
മിസൈൽ ആക്രമണങ്ങളെ തുടർന്ന് നഗരങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. 20 മുതൽ 30 വരെ മിസൈലുകൾ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവെന്നാണ് റിപ്പോർട്ട്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ഇറാൻ നടത്തിയതെന്നാണ് റിപ്പോർട്ട്.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് എക്‌സിലൂടെ ഈ വിവരം പങ്കുവെച്ചത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണം.
ആക്രമണം പൂർത്തിയാക്കി അമേരിക്കൻ വിമാനങ്ങൾ മടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തുന്നത്.
ആണവകേന്ദ്രങ്ങൾ ആക്രമിച്ചത് സംബന്ധിച്ച് ഡോണൾഡ് ട്രംപ് നുണ പറയുകയാണെന് ഇറാനിയൻ എം.പി മനാൻ റെയ്സി പറഞ്ഞിരുന്നു. കോം മേഖലയിൽ നിന്നുള്ള എം.പിയാണ് റെയ്സി. ആണവകേന്ദ്രങ്ങളിലെ ഭൂഗർഭഅറകൾക്ക് കാര്യമായ തകരാറുകൾ ഉണ്ടായിട്ടില്ലെന്ന് ഇറാൻ എം.പി വ്യക്തമാക്കി.
ഫോർഡോയിലെ ആണവകേന്ദ്രത്തിന് കാര്യമായ തകരാർ ഉണ്ടായിട്ടില്ലെന്ന് റെയ്സി പറഞ്ഞു. ചെറിയ കേടുപാടുകൾ മാത്രമാണ് ആണവകേന്ദ്രത്തിന് ഉണ്ടായത്. അത് പരിഹരിക്കാൻ പറ്റുന്ന തകരാറുകൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് ആക്രമണത്തെ തുടർന്ന് ആണവചോർച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.