അറിഞ്ഞോളൂ, ആണവ മേഖലയിലെ വേരുകൾ നശിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല -ഇറാൻ

തെഹ്റാൻ: ആണവ മേഖലയിലെ തങ്ങളുടെ അറിവ് നശിപ്പിക്കാൻ കഴിയില്ലെന്ന് ഇറാൻ. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ ആറ്റോമിക് എനർജി ഓർഗനൈസേഷൻ വക്താവ് ബെഹ്റൂസ് കമാൽവൻദിയുടെ പ്രതികരണം.

‘അവർ അറിഞ്ഞിരിക്ക​ട്ടെ, ഈ വ്യവസായത്തിന് നമ്മുടെ രാജ്യത്ത് വേരുകളുണ്ട്. ഇതിന്റെ വേരുകൾ നശിപ്പിക്കാൻ അവർക്ക് കഴിയില്ല. തീർച്ചയായും ഞങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ ആണവ വ്യവസായത്തിന് നാശനഷ്ടങ്ങൾ സംഭവിക്കുന്നത് ഇതാദ്യമല്ല’ -ബെഹ്റൂസ് കമാൽവൻദിയെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനെ തുടർന്ന് പൊതുജനങ്ങൾക്ക് അപകട ഭീഷണിയൊന്നുമില്ലെന്ന് ഇറാൻ സർക്കാർ വ്യക്തമാക്കി. ‘ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് അവരുടെ സാധാരണ ജീവിതം തുടരാം. നമ്മുടെ ആണവ പ്ലാന്റുകൾക്ക് സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഒരു അപകടവുമില്ല’ -വക്താവ് ഫാത്തിമ മുഹജിറാനി സ്റ്റേറ്റ് ടെലിവിഷനിൽ പറഞ്ഞു.

യു.എസ് ആക്രമിച്ച ആണവനിലയങ്ങൾക്ക് പരിസരമേഖലകളിൽ റേഡിയേഷൻ (ഓഫ് സൈറ്റ് റേഡിയേഷൻ) വർധനവ് ഇല്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയും (ഐ.എ.ഇ.എ) അറിയിച്ചു. നിലവിലെ സാഹചര്യം ഇതാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് അറിയിക്കുമെന്നും ഐ.എ.ഇ.എ വ്യക്തമാക്കി.

ഇന്ന് പുലർച്ചെയാണ് ഫോർദോ, ഇസ്ഫഹാൻ, നതാൻസ് ആണവനിലയങ്ങൾ യു.എസ് സൈന്യം ആക്രമിച്ചത്. ഇറാന്റെ സുപ്രധാനമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ പൂർണ്ണമായും തകർത്തുവെന്നാണ് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചത്. എന്നാൽ, ഫോർദോയിലെ ആണവകേന്ദ്രത്തിന് കാര്യമായ തകരാർ സംഭവിച്ചിട്ടില്ലെന്നാണ് ഇറാൻ അധികൃതർ പറയുന്നത്. പരിഹരിക്കാൻ പറ്റുന്ന തകരാറുകൾ മാത്രമാണുണ്ടായതെന്ന് ഇറാനിയൻ എം.പി മനാൻ റെയ്സി പറഞ്ഞു.

ആണവകേന്ദ്രമായ ഇസ്ഫഹാന് നേരെ ഇന്നലെ ഇസ്രായേൽ ആക്രമണമുണ്ടായിരുന്നു. ഇസ്ഫഹാനിൽ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ പുനഃക്രമീകരണം നടക്കുന്ന സ്ഥലമുണ്ടെന്നും ആണവായുധം വികസിപ്പിക്കുന്ന പ്രക്രിയയിലെ ഘട്ടമാണിതെന്നും ആരോപിച്ചായിരുന്നു ഇസ്രായേൽ ആക്രമണം. എന്നാൽ, ഇസ്ഫഹാനിൽ ആണവ വസ്തുക്കൾ ഉണ്ടായിരുന്നില്ലെന്നാണ് ഐ.എ.ഇ.എ ഡയറക്ടർ റഫേൽ മരിയാനോ ഗ്രോസി വ്യക്തമാക്കിയത്.

ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുന്നതായി കാണിക്കുന്ന ഒരു വിവരവും തങ്ങൾക്ക് ഇല്ലെന്ന് രണ്ട് ദിവസം മുമ്പ് ഐ.എ.ഇ.എ ഡയറക്ടർ പറഞ്ഞിരുന്നു. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അഭ്യർഥിക്കുന്നതിനിടെയാണ് യു.എസ് വൻതോതിലുള്ള ആക്രമണം നടത്തിയത്.

ഇറാൻ അണുബോംബ് നിർമാണത്തിന്‍റെ അന്തിമ ഘട്ടത്തിലാണെന്ന് ആരോപിച്ചാണ് ഇസ്രായേൽ ജൂൺ 13ന് ആക്രമണം ആരംഭിച്ചത്. 

Tags:    
News Summary - After US strikes, Iran says its nuclear know-how ‘cannot be destroyed’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.