പാക് വ്യോമാക്രമണം; അഫ്ഗാനിൽ 13 മരണം, 11ഉം കുട്ടികൾ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുനാർ, ഖോസ്റ്റ്, പക്തിക പ്രവിശ്യകളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 പേരെ കൊലപ്പെടുത്തിയതായി. അവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നും അഫ്ഗാനിസ്ഥാൻ അറിയിച്ചു. 11 കുട്ടികളും ഒരു സ്ത്രീയും ഒരു വൃദ്ധനുമാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാൻ താലിബാൻ സർക്കാരിന്റെ വക്താവ് സബിഹുല്ല മുജാഹിദ് എക്സിൽ കുറിച്ചു. 14 പേർക്കു പരിക്കേറ്റു.

ടി.ടി.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പാകിസ്താൻ താലിബാനിൽ നിന്നുള്ള പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് വിവരം. സ്പെര ജില്ലയിലെ ഒരു വീടിനുനേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖോസ്റ്റ് പ്രവിശ്യയിലെ ഒരു ഉദ്യോഗസ്ഥൻ എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു.

പക്തിക പ്രവിശ്യയിൽ, ബർമൽ ജില്ലയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ഹസൻ ഖേൽ പ്രദേശത്തെ സുരക്ഷാ പോസ്റ്റിൽ ടി.ടി.പി സംഘം നടത്തിയ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് വ്യോമാക്രമണം. ഖൈബർ പഖ്തൂൻഖ്വയിലെ ആക്രമണത്തിൽ ആറ് അംഗങ്ങൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2021-ൽ താലിബാൻ രണ്ടാമതും അധികാരമേറ്റതിനുശേഷം പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. പാകിസ്താൻ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായി അഫ്ഗാനിസ്ഥാൻ പാകിസ്താനെതിരെ അതിർത്തി കടന്നുള്ള ആക്രമണം നടത്തിയതിനെത്തുടർന്ന് ഫെബ്രുവരി അവസാനത്തോടെ സംഘർഷം വർധിക്കുകയായിരുന്നു.

2026 ലെ ആദ്യ മൂന്ന് മാസങ്ങളിൽ അതിർത്തി കടന്നുള്ള പോരാട്ടത്തിൽ കുറഞ്ഞത് 372 അഫ്ഗാൻ സിവിലിയന്മാർ കൊല്ലപ്പെടുകയും 397 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്തു.

മാർച്ചിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇരുപക്ഷവും ലംഘിക്കുകയായിരുന്നു.

പാകിസ്താനിൽ മാരകമായ ആക്രമണങ്ങൾ നടത്തുന്ന സായുധസംഘങ്ങൾക്ക് താലിബാൻ അഭയം നൽകുന്നതായി പാകിസ്താൻ ആരോപിക്കുന്നു. എന്നാൽ അത് നിഷേധിക്കുന്ന അഫ്ഗാനിസ്ഥാൻ, പാകിസ്താൻ വിഘടന ശക്തികൾക്ക് അഭയം നൽകുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കുന്നില്ലെന്നും ആരോപിക്കുന്നു.

Tags:    
News Summary - afghanistan says Pakistan air raids killed 13 people, including children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.