വെസ്റ്റ് ബാങ്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഫലസ്തീൻ ഗ്രാമങ്ങൾക്കുമേൽ വ്യാപക സൈനിക ആക്രമണത്തിന് ഉത്തരവിട്ടതിന് പിന്നാലെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ നരനായാട്ട്. നാബ്‍ലൂസിനു സമീപമുള്ള തൽ പട്ടണത്തിൽ സൈന്യം നടത്തിയ വ്യാപക റെയ്ഡിൽ 70ഓളം വീടുകൾ തകർക്കപ്പെടുകയും 50 ലധികം ഫലസ്തീനികൾ അറസ്റ്റിലാവുകയും ചെയ്തു. മേഖലയിൽ സമീപ മാസങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ സൈനിക നടപടികളിലൊന്നാണിത്.
കഴിഞ്ഞ ദിവസം നബ്‍ലൂസിനു സമീപമുള്ള തൽ ഗ്രാമത്തിലേക്ക് ഇസ്രായേലി കുടിയേറ്റക്കാർ അതിക്രമിച്ചു കയറിയതോടെയാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമായത്. ഫലസ്തീൻ അധികാരികളുടെ നിയന്ത്രണത്തിലുള്ള ഏരിയ-എ പ്രദേശത്തേക്ക് യാതൊരു മുൻകൂർ അനുമതിയും ഇല്ലാതെയെത്തിയ സായുധ സംഘം പ്രാദേശിക ജനവാസ മേഖലകൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് തീവ്ര വലതുപക്ഷ കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തിൽ നാല് ഫലസ്തീനികളും രണ്ട് ഇസ്രായേലി കുടിയേറ്റക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഫലസ്തീൻ ഗ്രാമങ്ങളിൽ വിപുലമായ സൈനിക നടപടിക്ക് നടത്തണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. തീവ്ര വലതുപക്ഷ ധനകാര്യ മന്ത്രി ബെസാലെൽ സ്മോട്രിച്ചും ഫലസ്തീൻ ഗ്രാമങ്ങളെ തകർക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
മന്ത്രിമാരുടെ ഉത്തരവിന് പിന്നാലെ ഇസ്രായേൽ സൈന്യം നാബ്‍ലൂസ് നഗരവും തൽ ഗ്രാമവും പൂർണമായും ഉപരോധിച്ചു. പ്രധാന പാതകളിൽ ബാരിക്കേഡുകൾ ഉയർത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയും വീടുകൾ കേന്ദ്രീകരിച്ച് ക്രൂരമായ തിരച്ചിൽ നടത്തുകയും ചെയ്തു. റെയ്ഡുകൾക്കിടയിൽ നബ്‍ലൂസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് ഇസ്രായേൽ സൈന്യം അതിക്രമിച്ചുകയറി പരിക്കേറ്റവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൽ സംഭവത്തിന് പിന്നാലെ ഇസ്രായേലി കുടിയേറ്റക്കാർ സമീപ ഗ്രാമങ്ങളായ ഫറാത്ത, ഇമാത്തൈൻ, ജിത്, ഇറാഖ് ബുറിൻ എന്നിവടങ്ങളിൽ നടത്തിയ അക്രമങ്ങളിൽ വീടുകളും വാഹനങ്ങളും തീവെച്ചു നശിപ്പിച്ചു. ഫലസ്തീനികളുടെ ഒലീവ് തോട്ടങ്ങൾ ജെസിബി ഉപയോഗിച്ച് പിഴുതെറിയുകയും ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവരുടെ നേരെ വെടിവെപ്പ് നടത്തുകയും ചെയ്തു.
ഇതോടെ ഈ വർഷം മാത്രം ഇസ്രായേൽ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും വെടിയേറ്റു വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 87 ആയി ഉയർന്നതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ ഭൂരിഭാഗവും വെടിയേറ്റും സായുധ കുടിയേറ്റക്കാരുടെ ആക്രമണങ്ങളിലുമാണ് കൊല്ലപ്പെട്ടത്. നഗരങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ അടച്ച് സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ആയിരക്കണക്കിന് സാധാരണക്കാരാണ് പുറംലോകവുമായി ബന്ധപ്പെടാനാകാതെ ദുരിതമനുഭവിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ നീണ്ട മൗനമാണ് ഇസ്രായേലിന് ഇത്തരം ക്രൂരതകൾ തുടരാൻ ഒത്താശ ചെയ്യുന്നതെന്ന് പ്രാദേശിക ഭരണകൂടങ്ങളും ഫലസ്തീൻ വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.