കരീം ഖാൻ

ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ കരീം ഖാനെ പുറത്താക്കി; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് നിയമസംഘം

വാഷിങ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) പ്രോസിക്യൂട്ടർ കരീം ഖാനെ ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് പുറത്താക്കി. കരീം ഖാനെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ അംഗരാജ്യങ്ങളുടെ അസംബ്ലി വോട്ട് ചെയ്തതായി അദ്ദേഹത്തിന്റെ നിയമസംഘം സ്ഥിരീകരിച്ചു. 2024ൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും അന്നത്തെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് യു.എസും ഇസ്രായേലും ഐ.സി.സിക്കെതിരെ കടുത്ത എതിർപ്പുകൾ ഉയർത്തുന്നതിനിടയിലാണ് നടപടി.

എന്നാൽ കരീം ഖാനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ നിയമസംഘം പറഞ്ഞു. യു.എൻ ഓഫീസിന്റെ അന്വേഷണത്തിൽ കരീം ഖാനെതിരെ ഔദ്യോഗികമായി കുറ്റങ്ങളൊന്നും കണ്ടെത്താനായിരുന്നില്ലെന്നും, കടുത്ത രാഷ്ട്രീയ സമ്മർദങ്ങൾക്കും ഉപരോധങ്ങൾക്കുമിടയിലാണ് അദ്ദേഹത്തെ നീക്കം ചെയ്തതെന്നും കരീം ഖാന്റെ നിയമസംഘത്തിലെ തലവൻ തായബ് അലി വ്യക്തമാക്കി. യു.എൻ വെളിപ്പെടുത്തലുകൾ പ്രകാരം ഖാൻ ദുർനടപ്പോ തൊഴിൽ ലംഘനമോ നടത്തിയതായി ജുഡീഷ്യൽ പാനൽ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെതന്യാഹുവിന്റെ വാറണ്ടിന്റെ പശ്ചാത്തലത്തിൽ ഡോണൾഡ് ട്രംപ് ഭരണകൂടം കരീം ഖാനും മറ്റ് ഐ.സി.സി ഉദ്യോഗസ്ഥർക്കും മേൽ നേരത്തേ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

രണ്ട് വർഷം മുമ്പ് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ജൂണിൽ തന്നെ ഖാൻ പദവിയിൽ നിന്ന് മാറിനിന്നിരുന്നു. കരീം ഖാന്റെ ഓഫീസ് ഇനി ഡെപ്യൂട്ടി പ്രോസിക്യൂട്ടർമാരായ നസ്ഹത് ശമീം ഖാൻ, മാമേ മണ്ടിയായേ നിയാങ് എന്നിവർ ചേർന്ന് നയിക്കും. പുതിയ പ്രോസിക്യൂട്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെങ്കിലും അടുത്ത വർഷത്തിന് ശേഷമേ വോട്ടെടുപ്പ് പ്രതീക്ഷിക്കുന്നുള്ളൂ.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും, അഫ്ഗാനിസ്താനിലെ യു.എസ് സൈനികരുടെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചതിനുമുള്ള പ്രതികാരമായാണ് ട്രംപ് ഭരണകൂടം ജഡ്ജിമാർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത്. അമേരിക്കൻ അധികാരപരിധിയിൽ വരുന്ന ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും, യു.എസ് കേന്ദ്രീകൃത സ്ഥാപനങ്ങൾക്ക് ഇവർക്ക് സേവനങ്ങളോ പണമോ നൽകുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം കരീം ഖാന്റെ പുറത്താക്കൽ 2024ൽ നെതന്യാഹുവിനും ഗാലന്റിനുമെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകളെ യാതൊരു വിധത്തിലും ബാധിക്കില്ല. ഐ.സി.സി ജഡ്ജിമാർക്ക് മാത്രമേ വാറണ്ടുകൾ പിൻവലിക്കാൻ അധികാരമുള്ളൂ. ഐ.സി.സി അന്വേഷണങ്ങളും പ്രോസിക്യൂഷനുകളും സ്വതന്ത്രമായി തുടരുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ഖാൻ നിഷേധിച്ചിട്ടുണ്ട്. 

Tags:    
News Summary - International Criminal Court dismiss prosecutor Khan over sexual misconduct allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.