ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലുള്ള പാരാഫീൽഡ് വിമാനത്താവളത്തിൽ ബുധനാഴ്ച ഉച്ചയോടെയുണ്ടായ വിമാനാപകടം വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉച്ചക്ക് ഏകദേശം 2:10 ഓടെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു ലൈറ്റ് വിമാനം നിയന്ത്രണം വിട്ട് റൺവേക്ക് സമീപമുള്ള ഹാംഗറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് വിമാനത്തിന് തീപിടിക്കുകയും പ്രദേശം മുഴുവൻ കറുത്ത പുകയാൽ പടരുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും ഒരു യാത്രക്കാരനും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
ഇരട്ട എഞ്ചിനുള്ള ഡയമണ്ട് ഡിഎ 42 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ഇടിച്ചുകയറുന്ന സമയത്ത് ഹാംഗറിനുള്ളിൽ ജോലി ചെയ്തിരുന്ന 11 ജീവനക്കാർക്കും ഗുരുതരമായി പരിക്കേറ്റു. പൊള്ളലേറ്റ ഇവരെ ഉടൻതന്നെ റോയൽ അഡലെയ്ഡ് ആശുപത്രിയിലേക്കും ലൈൽ മക്ഇവിൻ ആശുപത്രിയിലേക്കും മാറ്റി.
അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെക്കുകയും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി പ്രദേശം അടച്ചിടുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ പ്രത്യേക സംഘത്തെ നിയോഗിച്ചു. കാൻബറയിൽ നിന്നും ബ്രിസ്ബേനിൽ നിന്നുമുള്ള വിദഗ്ധർ സ്ഥലത്തെത്തി വിമാനത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്യും. ഈ വർഷം പാരാഫീൽഡ് വിമാനത്താവളത്തിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. നേരത്തെ ജനുവരിയിൽ ഒരു പരിശീലന വിമാനത്തിന് തീപിടിച്ചെങ്കിലും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.