‘ഞങ്ങൾ വംശഹ​ത്യക്കെതിര്’; ഫലസ്തീൻ ആക്ഷൻ തടവുകാരെ പിന്തുണക്കുന്ന കത്തുമായി ബ്രിട്ടീഷ് ബുദ്ധിജീവികളും അക്കാദമിക് വിദഗ്ധരും

ലണ്ടൻ: ബ്രിട്ടീഷ് സര്‍ക്കാര്‍ തടവിലടച്ച ഫലസ്തീൻ ആക്ഷൻ അംഗങ്ങളെ പിന്തുണക്കുന്ന കത്തിൽ ഒപ്പുവെച്ച് യു.കെയിലെ ഡസൻ കണക്കിന് അക്കാദമിക് വിദഗ്ധരും ബുദ്ധിജീവികളും. ഇടതുപക്ഷ ബുദ്ധിജീവി താരിഖ് അലി, തത്വചിന്തകനായ ജൂഡിത്ത് ബട്‌ലർ, എഴുത്തുകാരി നവോമി ക്ലീൻ എന്നിവർ കത്തിൽ ഒപ്പിട്ട പ്രമുഖരിൽ ചിലരാണ്. ‘ഞങ്ങള്‍ വംശഹത്യയെ എതിര്‍ക്കുന്നു, ഫലസ്തീന്‍ ആക്ഷന്‍ തടവുകാരെ പിന്തുണക്കുന്നു’ എന്ന് തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ച കത്തില്‍ അവർ പറഞ്ഞു.

മനുഷ്യാവകാശ ഗ്രൂപ്പായ ഫലസ്തീൻ ആക്ഷനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് യു.കെ നിരോധിച്ചിരിക്കുകയാണ്. അതിന്റെ പ്രവർത്തനങ്ങളോട് പിന്തുണ പ്രകടിപ്പിക്കുന്നത് ഒരു കുറ്റകൃത്യമാക്കുകയും ചെയ്തു. ഗ്രൂപ്പിലെ എട്ട് അംഗങ്ങൾ നിലവിൽ കസ്റ്റഡി പരിധിയായ 182 ദിവസങ്ങള്‍ക്ക് ശേഷവും റിമാന്‍ഡില്‍ കഴിയുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതിൽ രണ്ട് പേർ നിരാഹാര സമരത്തിലാണ്. ഫലസ്തീനെ കോളനിവത്ക്കരിക്കാനുള്ള സയണിസ്റ്റ് പദ്ധതിക്ക് ബ്രിട്ടിഷ് സര്‍ക്കാര്‍ ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചതിന്റെ വാർഷിക ദിനത്തിൽ ആണ് ആക്ടിവിസ്റ്റുകള്‍ നിരാഹാര സമരം ആരംഭിച്ചത്. ഫലസ്തീൻ ആക്ഷനെ പിന്തുണച്ചതിന് നൂറുകണക്കിന് പേർക്കെതിരെ ഇതിനകം കുറ്റം ചുമത്തിയിട്ടുണ്ട്.

2020ല്‍ സ്ഥാപിതമായ ഒരു ബ്രിട്ടീഷ് ഡയറക്ട് ആക്ഷന്‍ നെറ്റ്വര്‍ക്കാണ് ഫലസ്തീന്‍ ആക്ഷന്‍. ഇസ്രായേലിന്റെ വംശത്യ അവസാനിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷത്തോടെയായിരുന്നു നിലവില്‍ വന്നത്. 1917 ലെ ബാല്‍ഫോര്‍ പ്രഖ്യാപനത്തിന്റെ വാര്‍ഷികമായ നവംബര്‍ രണ്ടിനായിരുന്നു ബ്രിട്ടനിലുടനീളമുള്ള വിവിധ ജയിലുകളിലെ ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകള്‍ നിരാഹാര സമരം ആരംഭിച്ചത്. ഇസ്രായേലന് ആയുധം നല്‍കുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടുക, വിചാരണത്തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം തുടങ്ങിയത്.

എന്നാല്‍, നിരാഹര സമരം നടത്തുന്ന തടവുകാര്‍ക്കെതിരായ നടപടികള്‍ക്കെതിരെയും മൗലികാവകാശ ലംഘനങ്ങള്‍ക്കെതിരെയും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘം കഴിഞ്ഞ മാസം ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ദീര്‍ഘകാലമായി നീണ്ടുനില്‍ക്കുന്ന നിരാഹാര സമരം തടവുകാരുടെ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കുമെന്നും മരണത്തിന് വരെ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    
News Summary - Academics and intellectuals sign letter in support of Palestine Action prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.