കാഠ്മണ്ഡു: നേപ്പാളിൽ പുതിയ സഖ്യ സർക്കാറിന്റെ പ്രധാനമന്ത്രിയായി കെ.പി. ശർമ ഒലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡെപ്യൂട്ടി പ്രധാനമന്ത്രിമാരായി പ്രകാശ് മാൻ സിങ്ങും ബിഷ്ണു പൗദലും 19 മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രകാശ് മാൻ സിങ് നഗര വികസനവും ബിഷ്ണു പൗദേൽ സാമ്പത്തിക വകുപ്പും കൈകാര്യം ചെയ്യും. നേപ്പാളി കോൺഗ്രസ് പ്രസിഡൻറ് ഷേർ ബഹാദൂർ ദ്യൂബയുടെ ഭാര്യ അർസൂ റാണാ ദ്യൂബയാണ് വിദേശകാര്യ മന്ത്രി.
പ്രസിഡൻറ് രാം ചന്ദ്ര പൗദൽ ഞായറാഴ്ച ഒലിയെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ പുഷ്പ കമാൽ ദഹൽ പ്രചണ്ഡ പരാജയപ്പെട്ടതോടെയാണ് 72കാരനായ ഒലിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തുന്നത്. നേപ്പാളി കോൺഗ്രസ് പാർട്ടിയുമായി ചേർന്നാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ-യൂനിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സി.പി.എൻ-യു.എം.എൽ) പുതിയ സഖ്യ സർക്കാർ രൂപവത്കരിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലവനായ ഒലി ചൈന അനുകൂല നിലപാടുള്ള രാഷ്ട്രീയ നേതാവായാണ് അറിയപ്പെടുന്നത്. ഒലി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്നത് നേപ്പാളും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 16 വർഷത്തിനിടെ, രാജ്യത്ത് 14 സർക്കാറുകളാണ് അധികാരത്തിലെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.