ഗസ്സ യുദ്ധം മാസങ്ങൾ നീളുമെന്ന് ഐ.ഡി.എഫ് മേധാവി; മൂന്നു ഇസ്രായേലി സൈനികരെ കൂടി വധിച്ചു

തെൽ അവീവ്: ഗസ്സ യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) മേധാവി ഹെർസി ഹലേവി. തെക്കൻ, മധ്യ ഗസ്സയിൽ സൈനിക ഓപറേഷൻ കൂടുതൽ വ്യാപിപ്പിക്കുമെന്നും വടക്കൻ ഗസ്സയിലെ ഹമാസ് പോരാളികളെ ഏറെക്കുറെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹമാസുമായുള്ള കരയുദ്ധത്തിൽ മൂന്നു ഇസ്രായേലി സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് മാത്രം ആറു സൈനികരെയാണ് ഇസ്രായേലിന് നഷ്ടമായത്. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട മൊത്തം സൈനികരുടെ എണ്ണം 161 ആയി. വടക്കൻ ഗസ്സയിൽ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു. നിരവധി ഹമാസ് തീവ്രവാദികളെയും കമാൻഡർമാരെയും കൊലപ്പെടുത്തിയെന്നും ഇതുവരെയുള്ളതിൽ ഏറ്റവും സങ്കീർണമായ യുദ്ധത്തെ അഭിമുഖീകരിക്കുകയാണെന്നും ഹെർസി ഹലേവി പറഞ്ഞു.

‘ഗസ്സ മുനമ്പിൽനിന്ന് അൽപം മുമ്പാണ് മടങ്ങി എത്തിയത്. വടക്കൻ മേഖലയിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. സൈനികരുടെ പോരാട്ടവീര്യത്തിലും പ്രവർത്തനങ്ങളിലും നമ്മൾ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുന്നതിലും ഞാൻ ഏറെ സംതൃപ്തനാണ്. വടക്കൻ ഗസ്സയിൽ ഹമാസിനെ പൂർണമായി ഇല്ലാതാക്കുന്ന ലക്ഷ്യത്തിലേക്ക് ഐ.ഡി.എഫ് ഏറെക്കുറെ എത്തിയിരിക്കുന്നു’ -ഇസ്രായേലിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഹലേവി പറഞ്ഞു.

നിരവധി പേർ കീഴടങ്ങി. നൂറുകണക്കിന് പേരെ തടവിലാക്കി. നിരവധി തുരങ്കങ്ങളും ആയുധങ്ങളും നശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഗസ്സയുടെ തെക്കൻ മേഖലകളിലും ഖാൻ യൂനിസിലും മധ്യ മേഖലകളിലുമാണ് നമ്മൾ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഒക്ടോബർ ഏഴിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിവരാൻ ഇനി ഒരിക്കലും അനുവദിക്കില്ല. വ്യോമസേന ഇടതടവില്ലാതെ ആക്രമണം നടത്തുന്നുണ്ട്. വ്യോമ സേനക്കു കഴിയാത്ത ഹമാസിന്‍റെ സംവിധാനങ്ങൾ കരസേന നശിപ്പിക്കുകയാണ്. ഈ യുദ്ധം അനിവാര്യമാണെന്നും ലക്ഷ്യം കൈവരിക്കുക എളുപ്പമല്ലെന്നും സങ്കീർണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുകൊണ്ടുതന്നെ യുദ്ധം മാസങ്ങൾ നീളും. ഒരു ഭീകരസംഘടനയെ പൂർണമായി നശിപ്പിക്കാൻ മാന്ത്രിക മാർഗങ്ങളോ, കുറുക്കുവഴികളോ ഇല്ലെന്നും നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടമാണ് വേണ്ടതെന്നും ഹലേവി പറഞ്ഞു.

Tags:    
News Summary - 3 more soldiers killed fighting in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.