ജറൂസലം: അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് തുടരുന്ന വംശഹത്യ യുദ്ധത്തിൽ ഗസ്സ മുനമ്പിന്റെ ഭൂരിഭാഗം ഭൂപ്രദേശവും ഇസ്രായേൽ കൈയടക്കി. ബോംബിങ്ങിലും വെടിവെപ്പിലും ഷെൽ ആക്രമണങ്ങളിലുമായി ശനിയാഴ്ച രാത്രിമുതൽ ഞായറാഴ്ചവരെ 23 ലേറെ കൊല്ലപ്പെട്ടു. നിരവധി കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്ന ഉദ്യോഗസ്ഥനും മാധ്യമ പ്രവർത്തകനുമാണ് ജീവൻ നഷ്ടപ്പെട്ടത്.
ജബാലിയയിൽ ഞായറാഴ്ച രാവിലെ വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ മാധ്യമ പ്രവർത്തകൻ ഹസ്സൻ മജ്ദി അബു വർദയും നിരവധി കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. വർദയുടെ മരണത്തോടെ 19 മാസമായി ഇസ്രായേൽ തുടരുന്ന വംശഹത്യ യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഫലസ്തീൻ മാധ്യമ പ്രവർത്തകരുടെ എണ്ണം 220 ആയി.
മധ്യ ഗസ്സ നഗരമായ ദൈർ അൽ ബലാഹിൽ അഭയാർഥികൾ താമസിക്കുന്ന ടെന്റിന് മേൽ ഇസ്രായേൽ സൈന്യം ബോംബിട്ടതിനെതുടർന്നാണ് മാതാവും രണ്ട് കുട്ടികളും ബന്ധുവും കൊല്ലപ്പെട്ടതെന്ന് അൽ അഖ്സ ആശുപത്രി അറിയിച്ചു. വടക്കൻ ഗസ്സയിലെ ജബാലിയ മേഖലയിൽ വ്യോമാക്രമണത്തിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
നുസൈറത്തിലുണ്ടായ വ്യോമാക്രമണത്തിൽ ഗസ്സയുടെ സിവിൽ എമർജൻസി സർവിസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ അഷ്റഫ് അബു നാറും അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടതായും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. മുന്നറിയിപ്പുകളിലൂടെയും കര, വ്യോമാക്രമങ്ങളിലൂടെയും ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ഗസ്സ മുനമ്പിന്റെ 77 ശതമാനം ഭൂപ്രദേശം ഇസ്രായേൽ സൈന്യം പിടിച്ചെടുത്തതായി സർക്കാർ മീഡിയ ഓഫിസ് പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിൽ അറിയിച്ചു.
അതിനിടെ, യമനിലെ ഹൂതി വിമതർ പ്രയോഗിച്ച മിസൈൽ തടഞ്ഞതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. മിസൈൽ പ്രയോഗത്തിന് പിന്നാലെ ജറൂസലേമിലും മറ്റിടങ്ങളിലും ജാഗ്രത സൈറൻ മുഴങ്ങി. മിസൈൽ ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗസ്സ ആക്രമണം തുടങ്ങിയശേഷം ഇസ്രായേലിനും ചെങ്കടലിൽ അവരുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെയും ഹൂതികൾ മിസൈലുകൾ പ്രയോഗിക്കുന്നുണ്ട്. നേരത്തേ കപ്പലുകൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചതോടെ ഹൂതികൾക്കെതിരെ ആക്രമണം യു.എസ് അവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.