നെബ്ലുസിൽ പ്രകോപനം സൃഷ്ടിച്ച് ഇസ്രായേൽ മാർച്ച്; സംഘർഷം, 200ലേറെ ഫലസ്തീനികൾക്ക് പരിക്ക്

ജെറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കിന്‍റെ തെക്കുകിഴക്കൻ ഭാഗത്ത് നെബ് ലുസിൽ പ്രകോപനം സൃഷ്ടിച്ച് ഇസ്രായേൽ മാർച്ച് നടത്തിയതിനെത്തുടർന്ന് സംഘർഷം. രൂക്ഷമായ സംഘർഷത്തിൽ 200ൽ അധികം ഫലസ്തീനികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വെസ്റ്റ്ബാങ്കിൽ ഇസ്രേലി കുടിയേറ്റക്കാർ പ്രവേശിക്കുന്നത് വിലക്കിയ അവതാർ മേഖലയിലേക്ക് ഏഴ് ഇസ്രായേലി മന്ത്രിമാരുടെയും 20 എം.പിമാരുടെയും നേതൃത്വത്തിൽ 17,000-ലധികം ഇസ്രായേലി കുടിയേറ്റക്കാരും മാർച്ച് സംഘടിപ്പിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ഈ കുടിയേറ്റ മേഖല നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ഇസ്രായേലിന്‍റെ മാർച്ച് പ്രകോപനപരമായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തു.

ഫലസ്തീൻ കൊടി ഉയർത്തിയും മുദ്രാവാക്യം വിളിച്ചും ടയർ കത്തിച്ചും ഇതിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികൾക്കുനേരെ ഇസ്രായേൽ സൈന്യം കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റിനും പ്രയോഗിക്കുകയായിരുന്നു.

മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണെന്നും ഫലസ്തീൻ റെഡ്ക്രസന്‍റ് സൊസൈറ്റി അറിയിച്ചു. പ്രതിഷേധക്കാർക്കു നേരെ ഇസ്രായേൽ സൈന്യം റബ്ബർ ബുള്ളറ്റിൻ, കണ്ണീർ വാതകം എന്നിവ പ്രയോഗിക്കുന്നതിനിടെയാണ് പരിക്കേറ്റത്.

ഇസ്രായേൽ മാർച്ചിനെ ഫലസ്തീൻ വക്താവ് നബീൽ അബു റുദൈനി അപലപിച്ചു. അധിനിവേശം കൊണ്ട് അത് ഫലസ്തീൻ ഭൂമി അല്ലാതാവില്ല. അത് അങ്ങനെ തന്നെ തുടരും. ആയുധബലത്താൽ അധിനിവേശം നടത്തി അധികാരം സ്ഥാപിച്ചെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദുൽ അഖ്സയിലെ പ്രാർഥനയുമായി ബന്ധപ്പെട്ട് കഴിഞ്ഞആഴ്ച മേഖലയിൽ സംഘർഷം രൂക്ഷമായിരുന്നു. അതിന് പിന്നാലെയാണ് നെബ്ലുസിലും ഇസ്രായേൽ പ്രകോപനപരമായ മാർച്ച് സംഘടിപ്പിച്ചത്. 

Tags:    
News Summary - 216 Palestinians injured in West Bank clashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.