മെക്സികോ സിറ്റി: മെക്സികോയിലെ ജയിലിൽ ആയുധധാരികളായ അക്രമികൾ നടത്തിയ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. 10 സുരക്ഷാ ഉദ്യോഗസ്ഥരും 4 തടവുകാരുമാണ് കൊല്ലപ്പെട്ടത്. 13 പേർക്ക് പരിക്കേറ്റു. ആക്രമണത്തിനിടെ 24 തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
വടക്കൻ അതിർത്തി നഗരമായ യുവാരസിലാണ് സംഭവം നടന്നത്. ഞായറാഴ്ച മെക്സിക്കൻ സമയം രാവിലെ ഏഴോടെയായിരുന്നു ആക്രമണം. കവചിത വാഹനങ്ങളിലെത്തിയ ആയുധധാരികൾ ജയിലിനുള്ളിൽ കടന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ട്.
ജയിലിലേക്ക് വരുന്നതിനിടെ മുനിസിപ്പൽ പൊലീസിന് നേരെയും ആയുധധാരികൾ ആക്രമണം നടത്തിയതായും വിവരമുണ്ട്. വെടിവെപ്പിന് പിന്നാലെ നാലു പേരെ പൊലീസ് പിന്തുടർന്ന് പിടികൂടി. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെടിവെപ്പിന് പിന്നാലെ ജയിൽ മെക്സിക്കൻ സൈന്യത്തിന്‍റെയും പൊലീസിന്‍റെയും നിയന്ത്രണത്തിലാണ്. കസ്റ്റഡിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.