യു.എസിൽ നിന്ന് വൻതോതിൽ ആയുധം കടത്തുന്നു; ഹെയ്തിയിൽ സായുധ കലാപത്തിൽ വീടുകൾ വിട്ടിറങ്ങിയത് 13 ലക്ഷം പേരെന്ന് യു.എൻ

ഹെയ്തി: കഴിഞ്ഞ ആറ് മാസത്തിനിടെ സായുധ അക്രമത്തിലെ വർധനവ് കാരണം ഹെയ്തിയിൽ 13 ലക്ഷം ആളുകൾ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായതായി യു.എൻ അഭയാർഥി ഏജൻസി.

ഡിസംബർ മുതൽ കരീബിയൻ രാജ്യത്ത് ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ എണ്ണം 24 ശതമാനം വർധിച്ചതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പറഞ്ഞു. രാജ്യത്ത് ഐ.ഒ.എം ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന അക്രമം മൂലം കുടിയിറക്കപ്പെട്ടവരുടെ എണ്ണമാണിത്. 

‘ഈ സംഖ്യകൾക്ക് പിന്നിൽ അളക്കാനാവാത്ത കഷ്ടപ്പാടുകളുമായി നിരവധിയാളുകളുണ്ട്. കുട്ടികൾ, മാതാക്കൾ, പ്രായമായവർ. അവരിൽ പലരും പലതവണ വീടുകൾ വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായി. ഇപ്പോൾ സുരക്ഷിതമോ സുസ്ഥിരമോ അല്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്നു’- ഐ.ഒ.എം ഡയറക്ടർ ജനറൽ ആമി പോപ്പ് പറഞ്ഞു.

യു.എസിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കടത്തുന്ന സംഘങ്ങൾ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിൽ ഒരു സഖ്യം രൂപീകരിച്ച് നഗരത്തിന്റെ 85ശതമാനം നിയന്ത്രിക്കുന്നുവെന്നും യു.എൻ റിപ്പോർട്ട് ചെയ്യുന്നു. 

ഐ‌.ഒ‌.എം പ്രകാരം രാജ്യത്തിന്റെ മറ്റെവിടെയെങ്കിലും സുരക്ഷക്കായി തലസ്ഥാനത്തുനിന്ന് പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. തലസ്ഥാനത്തിന് വടക്കുള്ള ഒരു പ്രദേശമായ സെന്റർ ഡിപ്പാർട്ട്‌മെന്റിൽ പോരാട്ടം മൂലം പലായനം ചെയ്തവരുടെ എണ്ണം 68,000 ൽ നിന്ന് 147,000 ൽ അധികം ആയതായി ഐ‌.ഒ‌.എം പറഞ്ഞു.

നിരവധി ആളുകൾ താൽക്കാലിക ഷെൽട്ടറുകളിലാണ് താമസിക്കുന്നതെന്നും അവർക്ക് ശുദ്ധജലമോ ആരോഗ്യ സംരക്ഷണമോ വിദ്യാഭ്യാസമോ ലഭ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഹെയ്തിയിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിച്ചതായി യുനിസെഫ് ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കടുത്ത ദാരിദ്ര്യം കുട്ടികളെ കൂട്ടക്കൊലകളിലേക്ക് തള്ളിവിട്ടിട്ടുണ്ട്. യു.എന്നിന്റെ കുട്ടികളുടെ ഏജൻസിയുടെ കണക്കനുസരിച്ച് എല്ലാ സായുധ ഗ്രൂപ്പുകളിലും പകുതിയോളം പേർ പ്രായപൂർത്തിയാകാത്തവരാണ്.

Tags:    
News Summary - 1.3 million people forced to leave houses due to violence in Haiti, says UN agency reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.