ന്യൂഡൽഹി: ഇസ്രായേലുമായുള്ള സംഘർഷത്തിനിടെ ഇറാൻ അടച്ചിട്ട വ്യോമപാത ഇന്ത്യൻ വിദ്യാർഥികൾക്കായി തുറന്നു. ഇറാൻ - ഇസ്രായേൽ സംഘർഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇറാൻ തങ്ങളുടെ വ്യോമമേഖല ഇന്ത്യക്ക് തുറന്നുകൊടുക്കുന്നത്. ഇതോടെ റോഡുമാർഗം അയൽരാജ്യങ്ങളിലേക്ക് കടക്കാതെ ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികൾക്ക് ഇറാനിൽനിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാനുള്ള വഴിയൊരുങ്ങി. ഇത്തരത്തിൽ ഇറാനിൽ നിന്നും നേരിട്ടുള്ള ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി 11 മണിക്ക് ഡൽഹിയിലെത്തി. തുടർന്നുള്ള രണ്ട് വിമാനങ്ങൾ ശനിയാഴ്ച രാവിലെയും വൈകുന്നേരവുമായി എത്തും.
വ്യോമമേഖല പൂർണമായും അടച്ചിട്ട് ഇറാനും ഇസ്രായേലും മിസൈലുകളും ഡ്രോണുകളും ബോംബറുകളും ഉപയോഗിച്ച് പരസ്പരം ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഇന്ത്യൻ വിദ്യാർഥികൾക്കായി ഇറാൻ വ്യോമ ഇടനാഴിയൊരുക്കിയത്. വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇറാനിൽ ആകെയുള്ള 4000 ഇന്ത്യക്കാരിൽ പകുതിയും വിദ്യാർഥികളാണ്. വടക്കൻ ഇറാനിൽ നിന്ന് അർമീനിയയിലേക്ക് റോഡുമാർഗം എത്തിയ 110 ഇന്ത്യൻ വിദ്യാർഥികൾ വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു. സംഘർഷത്തെ തുടർന്ന് ഇറാനിൽ നിന്ന് എത്തിയ ആദ്യ ഇന്ത്യൻ സംഘമാണിത്. തുർക്കിയ അതിർത്തിയിലുള്ള ഇറാൻ പ്രവിശ്യയായ വടക്കൻ അസർബൈജാനിലെ ഉർമിയ മെഡിക്കൽ യൂനിവേഴ്സിറ്റി വിദ്യാർഥികളിൽ 90 പേരും ജമ്മു-കശ്മീരിൽ നിന്നുള്ളവരാണ്.
ഇറാനിലും ഇസ്രായേലിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ‘ഓപറേഷൻ സിന്ധു’ ബുധനാഴ്ചയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
4000ത്തിലധികം ഇന്ത്യക്കാർ ഇറാനിൽ താമസിക്കുന്നുണ്ട്. അതിൽ പകുതിയും വിദ്യാർഥികളാണ്. ആദ്യ ഘട്ടത്തിൽ 110 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ച് ജൂൺ 19 ന് ഡൽഹിയിലെത്തിച്ചിരുന്നു. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ജമ്മു കശ്മീരിലെ താമസക്കാരാണ്, ആദ്യ വിമാനത്തിൽ ഒഴിപ്പിച്ച 110 പേരിൽ 90 പേരും കേന്ദ്രഭരണ പ്രദേശത്ത് നിന്നുള്ളവരാണെന്ന് ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ സ്ഥിരീകരിച്ചിരിന്നു. ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ 'ഓപ്പറേഷൻ റൈസിംഗ് ലയൺ' ആരംഭിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. നിലവിൽ ഇരു രാജ്യങ്ങളും ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങളാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.