ഇസ്താംബൂളിൽ കപ്പലിൽ കുടുങ്ങിയത് പത്ത് മാസം; ഇന്ത്യൻ നാവികരെ ഒടുവിൽ ഒഴിപ്പിച്ചു
ഇസ്താംബൂൾ: തുർക്കി തീരത്ത് ഉപേക്ഷിക്കപ്പെട്ട ഒരു കണ്ടെയ്നർ കപ്പലിൽ 10 മാസമായി കുടുങ്ങിയ നാല് ഇന്ത്യൻ നാവികരെ ഒടുവിൽ കപ്പലിൽ നിന്നും പുറത്തെത്തിച്ചു. 2025 മുതൽ ഇസ്താംബൂളിലെ മർമര കടലിൽ നങ്കൂരമിട്ടിരിക്കുന്ന മംഗോളിയൻ പതാക വഹിച്ച അസ്രി സി എന്ന കപ്പലിലാണ് നാലുപേരും കുടുങ്ങിയത്.
അന്താരാഷ്ട്ര മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ജനുവരിയിൽ കപ്പലിന്‍റെ ഉടമസ്ഥരെ അറസ്റ്റ് ചെയ്തതോടെ കപ്പലിന്‍റെയും അതിലുള്ളവരുടെയും വിധി അനിശ്ചിതത്വത്തിലായി. ഐ.ടി.എഫും മറൈൻ എംപ്ലോയീസ് സോളിഡാരിറ്റി അസോസിയോഷനും കപ്പലിലെ ജീവനക്കാർക്ക് ശുദ്ധജലവും അടിസ്ഥാന ആവശ്യങ്ങളും നൽകിയിരുന്നു.
അന്താരാഷ്ട്ര സമുദ്ര നിയമപ്രകാരം ഒരു കപ്പലിൽ തുറമുഖത്തോ നങ്കൂരത്തിലോ ഉള്ള ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യാൻ എല്ലാപ്പോളും മതിയായ ക്രൂ അംഗങ്ങൾ ഉണ്ടായിരിക്കണം. എന്നാൽ നിലവിൽ ഈ കപ്പലിൽ കുടുങ്ങിയ അംഗങ്ങളെ മാറ്റിസ്ഥാപിച്ചിട്ടില്ലെന്നാണ് തുർക്കി പ്രതിനിധി സെലാഹാറ്റിൻ പൊലാറ്റ് എ.എഫ്.പിയോട് പറഞ്ഞത്.
കടലിൽ കപ്പലുകൾ ഉപേക്ഷിച്ചു കടന്നുകളയുന്ന പ്രവണത അന്താരാഷ്ട്ര ഷിപ്പിംഗ് രംഗത്ത് വലിയൊരു പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഐ.ടി.എഫ് ചൂണ്ടിക്കാണിക്കുന്നു. ഐ.ടി.എഫിന്റെ കണക്കനുസരിച്ച്, കപ്പലുകൾ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങളിൽ ഏറ്റവും മോശം വർഷമായിരുന്നു 2025.
കഴിഞ്ഞ വർഷം മാത്രം 410 കപ്പലുകളിലായി 6,233 നാവികരാണ് ഇത്തരത്തിൽ ദുരിതത്തിലായത്. ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യൻ നാവികരെയാണ്. കപ്പലുകൾ ഏറ്റവും കൂടുതൽ ഉപേക്ഷിക്കപ്പെട്ടത് തുർക്കിയിലാണ്. നിലവിൽ ബ്ലാക്ക് സീയിലേക്കും മെഡിറ്ററേനിയൻ കടലിലേക്കുമുള്ള പ്രവേശന കവാടമായ മർമര കടലിൽ മാത്രം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട 15 വിദേശ കപ്പലുകൾ നങ്കൂരമിട്ടു കിടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.