ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊന്ന് കത്തിച്ച സംഭവത്തിൽ 10 പേർ അറസ്റ്റിൽ

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം ​കൊന്ന് കത്തിച്ച സംഭവത്തിൽ 10 പേർ അറസ്റ്റിൽ. റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (ആർ.എ.ബി) ഏഴു പേരെയും പൊലീസ് മൂന്നു പേരെയുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിന്‍റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനുസ് ആണ് കുറ്റക്കാരെ പിടികൂടിയ വിവരം എക്സിലൂടെ അറിയിച്ചത്.

മുഹമ്മദ് ലിമോൻ സർക്കാർ, മുഹമ്മദ് താരിഖ് ഹുസൈൻ, മുഹമ്മദ് മാണിക് മിയ, ഇർഷാദ് അലി, നിജും ഉദിൻ, അലാംഗീർ ഹുസൈൻ, മുഹമ്മദ് മിറാജ് ഹുസൈൻ അകോൺ എന്നിവരെയാണ് ആർ.എ.ബി പിടികൂടിയത്. മുഹമ്മദ് അസ്മൽ സാഗിർ, മുഹമ്മദ് ഷഹിൻ മിയ, മുഹമ്മദ് നസ്മുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബർ 18നാണ് ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം ​കൊന്ന് കത്തിച്ചത്. മൈമൻ സിങ് പട്ടണത്തിലെ വസ്ത്ര ഫാക്ടറി തൊഴിലാളിയായിരുന്ന ദീപു ചന്ദ്രദാസ് എന്ന 25കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഫാക്ടറിക്ക് പുറ​ത്ത് ആൾക്കൂട്ടം ആ​​ക്രമിച്ച ദീപുവിനെ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തിനു ശേഷം മൃതദേഹം മൈമൻസിങ് ഹൈവേയിലെത്തിച്ച് തീകൊളുത്തുകയും ചെയ്തു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം മൈമൻസിങ് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തെ ബംഗ്ലാദേശ് സർക്കാർ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.

കഴിഞ്ഞയാഴ്ച തലക്ക് വെടിയേറ്റ് അതിഗുരുതര നിലയിൽ സിംഗപ്പൂരിൽ ചികിത്സയിലായിരുന്ന ‘ഇൻക്വിലാബ് മഞ്ച’ നേതാവും കഴിഞ്ഞ ജൂലൈയിൽ ശൈഖ് ഹസീന സർക്കാറിനെ താഴെയിറക്കിയ ‘ജെൻ സി’ പ്രക്ഷോഭ നായകനുമായ ശരീഫ് ഉസ്മാൻ ഹാദി മരിച്ചിരുന്നു. ഹാദിയുടെ മരണം ഇടക്കാല സർക്കാറിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് മരണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടു.

ഫെബ്രുവരിയിൽ രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഹാദി ധാക്കയിലെ ബിജോയ്നഗറിൽ പ്രചാരണം നടത്തുന്നതിനിടെയാണ് മുഖം മൂടിയണിഞ്ഞ തോക്കുധാരികൾ വെടിയുതിർത്തത്. ചെവിയിൽ വെടിയേറ്റ് അതിഗുരുതര നിലയിൽ വിദഗ്ധ ചികിത്സക്കായി എയർ ആംബുലൻസിൽ സിംഗപ്പൂരിലേക്ക് മാറ്റിയെങ്കിലും ആറു ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ജീവൻ രക്ഷിക്കാൻ അവസാന ശ്രമമെന്ന നിലക്ക് ശസ്ത്രക്രിയക്ക് കുടുംബം അനുമതി നൽകിയതിന് പിന്നാലെയായിരുന്നു മരണം.

തെരുവിലങ്ങിയ പ്രതിഷേധക്കാർ പ്രോഥോം അലോ, ഡെയ്‍ലി സ്റ്റാർ അടക്കം പ്രമുഖ പത്രങ്ങളുടെ ഓഫിസുകൾ ആക്രമിക്കപ്പെട്ടു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഓഫിസ് തകർത്തു. ചിറ്റഗോങ്ങിലെ അസി. ഇന്ത്യൻ ഹൈകമീഷണറുടെ വീടിനുനേരെ കല്ലേറുണ്ടായി. ധാക്ക യൂനിവേഴ്സിറ്റി കാമ്പസിൽ പ്രകടനം നടത്തിയവർ രാജ്യത്തെ ഇന്ത്യൻ ഹൈകമീഷൻ അടച്ചിടണമെന്ന് ആവശ്യപ്പെട്ടു.

ഹാദി​ക്കു നേരെ വെടിവെപ്പ് നടത്തിയ പ്രതികൾ ഇന്ത്യയിലേക്ക് കടന്നതായി പ്രതിഷേധക്കാർ ആരോപിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി മൊഹീബുൽ ഹസൻ ചൗധരി നൗഫലിന്റെ വീട് ആക്രമികൾ തീയിട്ടു. ഇതിന് പിന്നാലെ പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50 ലക്ഷം ടാക്ക ഇനാം പ്രഖ്യാപിച്ചു. വെടിവെച്ച മുഖ്യ​പ്രതി ഫൈസൽ കരീം മസൂദിന്റെ മാതാപിതാക്കൾ, ഭാര്യ, പെൺസുഹൃത്ത് എന്നിവരെ കസ്റ്റഡിയിലെടുത്ത പൊലീസ് നിരവധി പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കി.

Tags:    
News Summary - 10 arrested in connection with brutal murder of Hindu youth in Mymensingh, Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.