‘‘ജലശംഖുപുഷ്പം ചൂടും കടലോരതീരം മനഃസാക്ഷികൾ ഓരോ അലമാലയാൽ മൂടും...’’ 1981ൽ ഇറങ്ങിയ ഐ.വി. ശശിയുടെ ‘അഹിംസ’ എന്ന ചിത്രത്തിൽ എസ്. ജാനകി പാടിയ ഗാനം. രചന: ബിച്ചു തിരുമല, സംഗീതം: എ.ടി. ഉമ്മർ. ഓണക്കാലത്ത് പാറപ്പരപ്പുകളിൽ വസന്തം തീർക്കുന്ന കാക്കപ്പൂക്കൾ വിശാലമായ നെൽവയലുകളിലും ‘നെല്ലിപ്പൂക്കളാ’യി നെൽച്ചോലകൾക്കിടയിൽനിന്നു തലനീട്ടുന്നുണ്ടാകും. അവക്കിടയിൽതന്നെ വയലുകളിൽ ജലശംഖുപുഷ്പങ്ങളും തങ്ങളുടെ നനുത്ത ശുഭ്രപുഷ്പങ്ങൾ വിടർത്താനായി വെമ്പിനിൽക്കുകയാവും. ഇന്തോ-മലേഷ്യ മുതൽ പൂർവേഷ്യ വരെയുള്ള മേഖലകളിൽ കാണപ്പെടുന്ന ജലസസ്യം. വയലുകൾക്കു പുറമെ കേരളത്തിലെ കുളങ്ങളിലും അരുവികളിലും വെള്ളം കെട്ടിനിൽക്കുന്ന...
‘‘ജലശംഖുപുഷ്പം ചൂടും
കടലോരതീരം
മനഃസാക്ഷികൾ ഓരോ
അലമാലയാൽ മൂടും...’’
1981ൽ ഇറങ്ങിയ ഐ.വി. ശശിയുടെ ‘അഹിംസ’ എന്ന ചിത്രത്തിൽ എസ്. ജാനകി പാടിയ ഗാനം. രചന: ബിച്ചു തിരുമല, സംഗീതം: എ.ടി. ഉമ്മർ.
ഓണക്കാലത്ത് പാറപ്പരപ്പുകളിൽ വസന്തം തീർക്കുന്ന കാക്കപ്പൂക്കൾ വിശാലമായ നെൽവയലുകളിലും ‘നെല്ലിപ്പൂക്കളാ’യി നെൽച്ചോലകൾക്കിടയിൽനിന്നു തലനീട്ടുന്നുണ്ടാകും. അവക്കിടയിൽതന്നെ വയലുകളിൽ ജലശംഖുപുഷ്പങ്ങളും തങ്ങളുടെ നനുത്ത ശുഭ്രപുഷ്പങ്ങൾ വിടർത്താനായി വെമ്പിനിൽക്കുകയാവും.
ഇന്തോ-മലേഷ്യ മുതൽ പൂർവേഷ്യ വരെയുള്ള മേഖലകളിൽ കാണപ്പെടുന്ന ജലസസ്യം. വയലുകൾക്കു പുറമെ കേരളത്തിലെ കുളങ്ങളിലും അരുവികളിലും വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിലും ചെറിയ കൈത്തോടുകളിലും ജലശംഖുപുഷ്പം വളരുന്നു. വെള്ളത്തിനടിയിലെ ചെളിയിലുള്ള കാണ്ഡ(കിഴങ്ങ്)ത്തിൽ നിന്ന് മുളച്ചുപൊങ്ങി വരുന്ന ഇലത്തണ്ടാണ് വളർന്നുവരുന്നത്.
പത്രവൃന്തം നേരിയ സുഷിരങ്ങളുള്ള പൊള്ളത്തണ്ടാണ്. ആഗസ്റ്റ് മുതലാണ് പൂക്കുന്നത്. വെളുത്ത പൂക്കൾക്ക് മൂന്നു ദളങ്ങളും മൂന്ന് വിദളങ്ങളുമുണ്ട്. 6-15 കേസരങ്ങൾ. പൂവിന്റെ ഉൾഭാഗം മഞ്ഞയാണ്. ദീർഘചതുരാകൃതിയിലുള്ള, ചിറകുകൾപോലുള്ള ഏണുകളുള്ള ചെറിയ ഫലങ്ങൾക്ക് 15-40 മില്ലീമീറ്റർ വലുപ്പമുണ്ടാകും. വെള്ളത്തിനടിയിൽതന്നെ മൂപ്പെത്തുന്ന കായ്കൾക്കുള്ളിൽ രണ്ടായിരത്തോളം ചെറുവിത്തുകൾ കാണും.
ഒട്ടലാമ്പൽ, ഒട്ടാമ്പൽ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇലയുടെ അരികുകൾ തമ്മിൽ ഒട്ടിപ്പിടിക്കുന്നതുകൊണ്ടായിരിക്കാം ഈ പേരുകൾ വന്നത് എന്നാണ് ഹോർത്തൂസ് മലബാറിക്കൂസ് മലയാളത്തിലേക്ക് തർജമചെയ്ത സസ്യശാസ്ത്രജ്ഞനായ പ്രഫ. കെ.എസ്. മണിലാൽ അഭിപ്രായപ്പെടുന്നത്.
ഇതിന്റെ ശാസ്ത്രനാമം Ottelia alismoides എന്നാണ്. ഒട്ടലാമ്പൽ എന്ന പേരിന്റെ ലാറ്റിൻ രൂപമാണ് ജനുസ്സ് നാമം. Alisma എന്ന ജനുസ്സിൽപ്പെടുന്ന ‘ജലവാഴ’യോട് സദൃശമായത് എന്നാണ് സ്പീഷീസ് പദത്തിനർഥം. ഹൈഡ്രോകാരിറ്റേസിയേ (Hydrocharitaceae) എന്ന ജലസസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Duck Lettuce എന്നാണ് ആംഗലേയ ഭാഷയിൽ അറിയപ്പെടുന്നത്.
1692ൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ പതിനൊന്നാം വാല്യത്തിൽ ഈ സസ്യത്തെക്കുറിച്ചുള്ള സചിത്ര വിവരണമുണ്ട്. ഈ സസ്യത്തിന്റെ മുപ്പെത്താത്ത ഇലകളും തണ്ടുകളും ഇലക്കറിയായി ഉപയോഗിക്കാം. കായ്കളും ഭക്ഷ്യയോഗ്യമാണ്. ചതവ്, ചുട്ടുനീറ്റൽ എന്നിവക്ക് ഔഷധമായും ഉപയോഗിക്കുന്നു. അക്വേറിയം ചെടിയായും ഉദ്യാനക്കുളങ്ങളിലും വളർത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.